pic

മുംബയ്: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന് സഡക്ക് 2 എന്ന ചിത്രത്തിൽ പ്രധാന വേഷം നൽകിയിരുന്നില്ലെന്ന് ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ട്. നടന്റെ മരണം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഹേഷ് ഭട്ടിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നതായും സഡക്ക് 2 വിലെ ഏതെങ്കിലും വേഷം നൽകണമെന്ന് നടൻ അഭ്യർത്ഥിച്ചിരുന്നതുമായ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.എന്നാൽ സഞ്ജയ് ദത്തിനെ നായകനാക്കി ചിത്രം നിർമിക്കാനായിരുന്നു മഹേഷ് ഭട്ട് തീരുമാനിച്ചിരുന്നത്.

താൻ രണ്ടു തവണ മാത്രമാണ് സുശാന്ത് സിംഗ് രജ്പുത്തിനെ കണ്ടതെന്ന് മഹേഷ് ഭട്ട് മൊഴിയിൽ പറഞ്ഞു. 2018 ൽ സുശാന്ത് തന്നെ കാണാൻ വന്നപ്പോഴും പിന്നീട് 2020 ഫെബ്രുവരിയിൽ സുശാന്ത് അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയുമാണ് കണ്ടിരുന്നത്. സുശാന്ത് തന്നെ കണ്ടപ്പോൾ യൂടുബ് ചാനലിനെപറ്റിയും, ഭട്ട് എഴുതിയ പുസ്തകങ്ങളെ പറ്റിയുമാണ് സംസാരിച്ചതെന്നും മഹേഷ് ഭട്ട് പൊലീസിനോട് പറഞ്ഞു. താനും സുശാന്തും തമ്മിൽ ഒരിക്കലും പ്രൊഫഷണൽ കാര്യങ്ങളോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചർച്ച ചെയ്തിട്ടില്ലെന്നും ഭട്ട് കൂട്ടിച്ചേർത്തു.

നടന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ നിരവധി പ്രമുഖരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
സഞ്ജയ് ലീല ബൻസാലി, യഷ് രാജ് ഫിലിംസിന്റെ മേധാവി ഹോഞ്ചോ ആദിത്യ ചോപ്ര എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ജൂൺ 14നായിരുന്നു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.