അമിതഭാരവും കൊളസ്ട്രോളുമെല്ലാം എല്ലാവരുടേയും പ്രശ്നങ്ങളാണ്. ഇതൊഴിവാക്കാൻ എത്രകഷ്ടപ്പെട്ടും നമ്മൾ ഡയറ്റും വ്യായാമവും ചെയ്യും. എണ്ണ ഭക്ഷണങ്ങൾ ആണെങ്കിൽ ഒന്നുകിൽ ഒഴിവാക്കും , അല്ലെങ്കിൽ ടിഷ്യൂവോ ന്യൂസ്‌പേപ്പറോ ഉപയോഗിച്ച് അതിന്റെ എണ്ണ ഒപ്പിയെടുക്കും. ഹാവൂ..കൊളസ്ട്രോൾ കളഞ്ഞു. ഇനി കഴിക്കാം.
എന്നാൽ ഒഴിവാക്കിയതിനേക്കാൾ വലിയ ആപത്താണ് അകത്താക്കിയതെന്ന് അറിയാമോ ? പലഹാരത്തിലെ എണ്ണ ഒപ്പിയെടുമ്പോൾ പേപ്പറിലെ മഷി ഭക്ഷണത്തിൽ പിടിച്ചിരിക്കും. ഇതാണ് കഴിക്കുന്നത്.
പേപ്പറിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഈയവും കാർബണും ഗ്രാഫൈറ്റ് പോലുള്ള മറ്റ് രാസപദാർത്ഥങ്ങളും ശരീരത്തിൽ എത്തുന്നതെങ്കിലും തുടർച്ചയായി ഇങ്ങനെ എത്തുന്നത് അപകടമാണ്. ഭാവിയിൽ കാൻസർ വരെ ഉണ്ടായേക്കാം. ന്യൂസ്‌പേപ്പറിൽ ഭക്ഷണം പൊതിഞ്ഞ് നൽകുന്നത് അപകടമാണെന്നും അത് ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.