pic

ന്യൂഡൽഹി: പാകിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിലെ ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാരയെ പള്ളിയാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. സംഭവത്തിൽ പാകിസ്ഥാൻ ഹെെക്കമ്മിഷനിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലാഹോറിലെ നൗലഖ ബസാറിൽ ഭായ് തരു സിംഗ്ജിന്റെ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് മസ്ജിദ് ഭൂമിയിലാണെന്ന് അവകാശപ്പെട്ട് ഇത് ഒരു പളളിയാക്കി മാറ്റാനുളള ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഭായ് തരു സിംഗ് 1745ൽ ലാഹോറിൽ വച്ച് മാരകമായ പരിക്കേറ്റ് കൊല്ലപ്പെടുകയും അതിന്റെ സ്മരണയ്ക്കായി നിർമിച്ച ചരിത്ര ആരാധനാലയമാണ് ഗുരുദ്വാര.സിക്ക് സമൂഹം ഏറെ ആദരിക്കുന്ന അവരുടെ ആരാധനാലയമാണ് ഗുരുദ്വാര. ഈ സംഭവം വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗമായ സിക്ക് സമുദായത്തിന് നീതി ലഭിക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു.സംഭവത്തിൽ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യം അന്വേഷിച്ച് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറ‌ഞ്ഞു. നൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങളും സാംസ്കാരിക പൈതൃകങ്ങളിൽ ഉൾപ്പെടെയുള്ള സുരക്ഷ, ക്ഷേമം എന്നിവ പരിശോധിക്കാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.

പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെയും ആരാധനാലയങ്ങളുടെയും നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന ഇ.ടി.പി.ബി വിഷയത്തിൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയതായാണ് അറിയുന്നത്. വിശ്വാസികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ലാഹോർ നിവാസിയായ സൊഹൈൽ ബട്ട് അട്ടാരിക്കെതിരെയാണ് കേസെടുക്കാൻ ഇ.ടി.പി.ബി നിർദേശിച്ചത്. സിക്ക് ന്യൂനപക്ഷത്തിനെയും ഗുരുദ്വാരയ്ക്കുമെതിരെ അടിസ്ഥാന രഹിതമായ വിഡിയോ പ്രചരിപ്പിച്ച്

പാകിസ്ഥാനെ അപകീർത്തി പെടുത്താൻ ശ്രമിച്ചതിനാണ് സൊഹൈൽ ബട്ടിന്റെ പേരിൽ കേസ്. സൊഹൈൽ ബട്ട് അട്ടാരിയുടെ വിഡിയോ പങ്കുവച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ പാകിസ്ഥാന്റെ മുഖച്ഛായ തന്നെ ഇല്ലാതാക്കുന്നുവെന്നും ഇ.ടി.പി.ബി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.