gold-smuggling-

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഒമ്പതര മണിക്കൂർ‌ ചോദ്യം ചെയ്താണ് ശിവശങ്കറിനെ എൻ ഐ എ വിട്ടയച്ചത്. ശിവശങ്കർ കൊച്ചിയിൽ കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിലാണ്. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടുമെത്താനാണ് എൻ ഐ എ നിർദേശിച്ചത്.

സ്വർണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ലെന്ന് ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞു. ഇവർക്കു സ്വപ്നയുമായുള്ള സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല. സ്വപ്നയുടെ ഭർത്താവു ക്ഷണിച്ചപ്പോൾ മാത്രമാണ് ഇവരുടെ വീട് സന്ദർശിച്ചിട്ടുള്ളതെന്നും ശിവശങ്കർ മൊഴി നൽകി.

അതേസമയം നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ രണ്ടാംവട്ട ചോദ്യംചെയ്യലിനു ശേഷവും ക്ളീൻ ചിറ്റ് നൽകാതിരുന്നതോടെ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്നാണ് സൂചന. സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടോ എന്നാണ് എൻ.ഐ.എ പരിശോധിച്ചത്.

പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തും കൊച്ചിയിലുമായി 14 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും സ്വർണക്കടത്തുമായി ശിവശങ്കറിന് പങ്കില്ലെന്നു പറയാൻ എൻ.ഐ.എ തയ്യാറായിട്ടില്ല.