covid

ഏറ്റുമാനൂർ: കോട്ടയത്ത് കൊവിഡ് വ്യാപനം വർ‌ദ്ധിക്കുന്നു. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ 67 സാംപിളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 46 എണ്ണം പോസിറ്റീവായി കണ്ടെത്തിയത്.

ഇതോടെ ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ഏറ്റുമാനൂര്‍ മാറുമെന്നാണ് അധികൃതരുടെ ആശങ്ക. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് പ്രദേശത്തെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായതിനാല്‍ സമീപ പഞ്ചായത്തുകളിലും പ്രത്യാഘാതം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരിലും സമീപ പഞ്ചായത്തുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.