കാസർകോട്: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധര(66)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ചയായി പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കാരണം ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയത് . ഞായറാഴ്ച രാവിലെ ഒൻപതരയോടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.
ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ഭരണകൂടം അറിയിച്ചു. ജനറൽ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം അധികൃതർ നടത്തിയ ആന്റിജൻ പരിശോധനയിൽ ആണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവ് എന്നറിയാതെ ബീഡി ഡിപ്പോ, ശാഖകളിൽ ഉള്ള പലരും ചില ബന്ധുക്കളും മൃതദേഹം കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.