sivasankar

കൊച്ചി: സ്വ‌ർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻ ഐ എയുടെ ഓഫീസിലെത്തി. എൻ ഐ എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു.

എൻ ഐ എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതൽ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ വരെ സംഘത്തിലുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ശിവശങ്കറിന് പ്രതികളുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് എൻ ഐ എ എന്നാണ് റിപ്പോർട്ടുകൾ.

ശിവശങ്കർ‌ കേസിൽ സാക്ഷിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന തരത്തിൽ ശിവശങ്കർ മൊഴി നൽകിയിരുന്നു. സ്വപ്‌നയും, സന്ദീപും സരിത്തും സുഹൃത്തുക്കൾ മാത്രമാണെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഒമ്പതര മണിക്കൂറാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്.

എന്‍ ഐ എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. നേരത്തേ തിരുവനന്തപുരത്തുവച്ച് അഞ്ചുമണിക്കൂര്‍ എന്‍ ഐ എ ചോദ്യംചെയ്തിരുന്നു.