gold-

കൊച്ചി: സ്വർണവിലയിൽ വർദ്ധനവ് തുടരുന്നു. തുടർച്ചയായ ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില റെക്കോ‌ർഡ് കുറിച്ചു. ഇന്ന് പവന് 600 രൂപകൂടി 39,200 രൂപയായി. 4,900 രൂപയാണ് നിലവിൽ ഗ്രാമിന്റെ വില.

അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മുറുകുന്നതും കൊവിഡ് വ്യാപനംമൂലം രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണ് സ്വർണവിലയിലെ തുടർച്ചയായ വർദ്ധനയ്ക്ക് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഈയാഴ്ച അവസാനം ചേരാനിരിക്കുന്ന യു.എസ് ഫെഡ് റിസർവ് യോഗത്തിലെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ.

വില വർദ്ധനവ് ഇത്തരത്തിൽ തുടർന്നാൽ വൈകാതെ സ്വർണവില പവന് 40,000 രൂപ പിന്നിട്ടേക്കും. ആഗോള വിപണിയിലെ വിലവർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,975 ഡോളർ നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ആറു വ്യാപാര ദിനങ്ങളിലായി 160 ഡോളറിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 52,410 രൂപ നിലവാരത്തിൽ എത്തി നിൽക്കുകയാണ്.