ബീജിംഗ്: വിവിധ വിഷയങ്ങളിൽ 'പ്രാദേശിക സഹകരണ'ത്തിനായി അയൽരാജ്യങ്ങളുടെ യോഗം വിളിച്ച് ചൈന. തിങ്കളാഴ്ചയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ യോഗം വിളിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു യോഗം. കൊവിഡ് വ്യാപന വിഷയത്തിലും ദക്ഷിണ ചൈന കടലിലെ സംഘർഷത്തിലും ഇന്ത്യയുമായുളള പ്രശ്‌നങ്ങളിലും ലോകരാജ്യങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിലായ ചൈനയുടെ പുതിയ നീക്കം ഇതോടെ ചർച്ചയാകുകയാണ്.
പ്രധാനമായും നാല് കാര്യങ്ങളിൽ സഹകരണത്തിനായാണ് യോഗം എന്ന് ചൈന പറയുന്നു. കൊവിഡ് പ്രതിരോധ നടപടികൾ ഈ രാജ്യങ്ങളിൽ ഊർജ്ജിതമാക്കുക, മാന്ദ്യത്തെ തുടർന്ന് തകർച്ചയിലായ വിപണിയെ തിരികെ കയറ്റുക,ചൈനയുടെ ആഗോള പദ്ധതിയായ ബെൽറ്റ് ആന്റ് റോഡ് സംരംഭം ഇവയൊക്കെയാണ് ചർച്ചാ വിഷയമായത്. അഫ്ഗാൻ വിദേശമന്ത്രിയുടെ ചുമതലയുളള മുഹമ്മദ് ഹനീഫ് ആത്‌മർ, നേപാളി വിദേശ കാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലി, പാകിസ്ഥാൻ സാമ്പത്തിക കാര്യ മന്ത്രി മഖ്ദൂം ഖുസ്‌റോ ബക്തിയാർ എന്നിവരും വെർച്വൽ ചർച്ചയിൽ പങ്കെടുത്തു. ചൈനയും പാകിസ്ഥാനും കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച മാർഗങ്ങളെ ചൂണ്ടിക്കാട്ടിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൈനീസ് കൊവിഡ് വാക്‌സിൻ തയ്യാറാകുമ്പോൾ മൂന്ന് രാജ്യങ്ങൾക്കും വാക്‌സിൻ നൽകുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബിആർഐ(ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്രീവ്) ശക്തിപ്പെടുത്താനും ലോകാരോഗ്യ സംഘടനക്ക് മഹാമാരിയെ നേരിടുന്നതിൽ പിന്തുണ നൽകാനും യോഗത്തിൽ തീരുമാനമുണ്ടായി.
മുൻപ് ചൈനയെ പിന്തുണക്കുന്ന കാരണത്താൽ ലോകാരോഗ്യ സംഘടനക്ക് സാമ്പത്തിക സഹായം നൽകുന്നതും സഹകരിക്കുന്നതും അവസാനിപ്പിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. മഹാമാരിയുടെ ശേഷം ബെൽറ്റ് ആന്റ് റോഡ് പദ്ധതി നടപ്പാക്കാൻ സഹകരണം ചൈന മറ്റ് രാജ്യങ്ങളുടെ സഹകരണം തേടി. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ കുറച്ച് ഭാഗങ്ങൾ എന്നാൽ പാക് അഥിനിവേശ കശ്‌മീരിലൂടെയാണ് കടന്നു പോകുന്നത്. മേഖലയിൽ ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളിലുളള മേൽകൈ ചോദ്യം ചെയ്യാൻ തന്നെ ലക്ഷ്യമിട്ടാണ് ചൈന മുൻകൈയെടുത്ത് ഇത്തരമൊരു ചർച്ച സംഘടിപ്പിച്ചതെന്ന് വ്യക്തമാണ്.