തിരുവനന്തപുരം: വിലകൂടിയ ചെടിച്ചട്ടി കാണാതായതിനെ തുടർന്ന് വീട്ടുകാർ സി സി ടി വി ദൃശ്യങ്ങളെടുത്ത് പരിശോധന നടത്തിയപ്പോൾ ഞെട്ടി. പുലർച്ചെ വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരൻ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലിൽ നിന്നും ചെടിച്ചട്ടി മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് വീട്ടുകാർ കണ്ടത്. സമീപത്തെ ക്ഷേത്രത്തിന്റെ സി സി ടി വി ക്യാമറയാണ് പരിശോധിച്ചത്.
ചെമ്പഴന്തിക്കു സമീപമാണ് സംഭവം നടന്നത്. എസ് ഐ തൊട്ടടുത്തിരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരൻ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നു. 16നു പുലർച്ചെ 4.50 നു നടന്ന മോഷണം പക്ഷേ ഇതുവരെ കേസായിട്ടില്ല.
കള്ളന്‍ പൊലീസായതുകൊണ്ടും മോഷണ മുതല്‍ ചെടിമാത്രമായതുകൊണ്ടും ഉടമ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നാണ് വിവരം. ക്യാമറയില്‍ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതർക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.