കൊവിഡ് 19 നമ്മുടെ ജീവിതങ്ങളെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും രോഗികളുടെ എണ്ണം പെരുകുന്നു. (ചില ദിവസങ്ങളിൽ താഴുകയും ചെയ്യുന്നുണ്ട്.) ജാഗ്രത കുറയുകയും അതിന്റെ ഫലമായി കൂടുതൽ ആളുകളിലേക്ക് രോഗം പകരുകയും ചെയ്യുമ്പോൾ, അത് ചികിത്സാകേന്ദ്രങ്ങളിൽ സൃഷ്ടിക്കുന്ന പുതിയ പ്രശ്നങ്ങളെക്കുറിച്ച് ആരുമധികം ശ്രദ്ധിക്കുന്നില്ല. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, മറ്റു ജീവനക്കാർ എന്നിവരുടെ ദിനംപ്രതി വർദ്ധിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും സഹനത്തെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും യാതനയെക്കുറിച്ചും നമുക്ക് വേണ്ടത്ര ധാരണയില്ല. ഇത്രയും പേരെ ഒരുമിച്ചു ചികിത്സിക്കണമെങ്കിൽ അതിനു വേണ്ട സന്നാഹവും ബദ്ധപ്പാടും ചെറുതല്ല.
സ്വതന്ത്രമായി പുറത്തിറങ്ങാൻ പറ്റാത്തതിൽ ധാർമിക രോഷം കൊള്ളുന്നവരും, നിയന്ത്രണങ്ങളുടെ യുക്തിരാഹിത്യത്തെപ്പറ്റി പരാതി പറയുന്നവരും പ്രശ്നത്തിന്റെ മാനുഷികമാനത്തെക്കുറിച്ചും ആരോഗ്യപ്രവർത്തകരുടെ ജീവിതത്തെക്കുറിച്ചും വേണ്ടത്ര ഓർക്കുന്നില്ല. എം. ടിയുടെ കഥാപാത്രം പണ്ടേ പറഞ്ഞതുപോലെ: 'സേതുവിന് എന്നും ഒരാളോടേ ഇഷ്ടമുണ്ടായിരുന്നുള്ളൂ; സേതുവിനോട് മാത്രം". കുറച്ചൊരു 'സേതുത്വം" നമ്മളിലെല്ലാമുണ്ടല്ലോ.
ഇന്ത്യയിൽ ഇതുവരെ നൂറ്റി നാല് ഡോക്ടർമാർ കൊവിഡ് കാരണം മരണപ്പെട്ടു. രോഗം ബാധിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും എണ്ണം വളരെ കൂടുതൽ. ഡോക്ടർമാരിലും നഴ്സുമാരിലുമുള്ള രോഗവ്യാപനം വർദ്ധിക്കുകയാണ്. ഒരു ഡോക്ടറോ നഴ്സോ സുഖമില്ലാതെ മാറി നിൽക്കുമ്പോൾ അത് അനേകം രോഗികളെയാണ് ബാധിക്കുന്നത്. രോഗത്തിന്റെ രൂക്ഷത നിലനിൽക്കവേ, എല്ലാ ദിവസവും ആശുപത്രിയിലേക്ക് പോകേണ്ടി വരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും കുറിച്ച് നമുക്കൊന്ന് സൂക്ഷ്മമായി ആലോചിച്ചു നോക്കാം. പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങാൻ പോയാൽ തിരികെ വന്ന് കൈകഴുകുന്നത് വരെ നമുക്കാർക്കും സമാധാനമില്ല. എങ്ങനെ പുറത്തിറങ്ങാതിരിക്കാം എന്നാണ് പലരും സ്വാഭാവികമായി ചിന്തിക്കുന്നത്. അതിൽ തെറ്റുണ്ടെന്നല്ല. അനാവശ്യമായ സമ്പർക്കങ്ങൾ ഒഴിവാക്കുക തന്നെയാണ് ഉത്തരവാദിത്വ ബോധമുള്ളവരെല്ലാം ചെയ്യേണ്ടത്.
എന്നാൽ ആശുപത്രിയിൽ പോവുകയും രോഗികളുമായി അടുത്തിടപഴകേണ്ടി വരികയും ചെയ്യുന്ന ഡോക്ടർക്കും നഴ്സുമാർക്കും ഭയന്ന് വീട്ടിലിരിക്കാൻ സാധിക്കുമോ? ഇവർക്ക് മാത്രമല്ല, ശുചീകരണ തൊഴിലാളികൾക്കും അറ്റൻഡർമാർക്കും ലാബിലെ സാങ്കേതിക വിദഗ്ദ്ധർക്കും ആർക്കും വീട്ടിലിരിക്കാനുള്ള സ്വാതന്ത്ര്യമില്ല. എന്തെല്ലാം മുൻകരുതലുകളെടുത്താലും രോഗികളുമായി അടുത്തിടപഴകുമ്പോൾ രോഗബാധയെന്ന അപകടസാദ്ധ്യത എപ്പോഴുമുണ്ടല്ലോ. ഒരു വൈറസിന് ആക്രമിക്കാൻ വലിയ പഴുതുകൾ വേണ്ട. ഈ ഭീതിയോടെ തിരികെ വീട്ടിലെത്തിയാലും ആശങ്ക വിട്ടു മാറുകയില്ല. തങ്ങൾ രോഗവാഹകരാണോ? വീട്ടുകാർക്ക് രോഗം പിടിപെടുമോ? ഈ ആശങ്കകൾ അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. മുൻകരുതൽ എന്ന നിലയ്ക്ക് വീട്ടിനുള്ളിൽ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഡോക്ടർമാരെ എനിക്കറിയാം. ഈ അസ്വാഭാവിക ജീവിതശൈലി ഗൃഹാന്തരീക്ഷത്തിന്റെ സുഖവും ലയവും കെടുത്തിക്കളയുന്നു. അധികമാരുമറിയാത്ത വലിയ ത്യാഗമാണിത്. ഈ സഹനവും ത്യാഗവും കൃതജ്ഞതയോടെ ഓർക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്.
അഞ്ചു മാസമായി ആരംഭിച്ചതാണ് ഈ പരീക്ഷണം. എത്രകാലം ഇത് നീളുമെന്ന് പ്രവചിക്കാൻ കഴിയില്ല. എങ്കിലും പരിഭവവും പരാതിയുമില്ലാതെ മികച്ച ചികിത്സയും പരിചരണവും രോഗികൾക്ക് ഇവർ നല്കിക്കൊണ്ടേയിരിക്കുന്നു. ഈ സമ്മർദത്തിൽ ആശുപത്രികളിലെ സൗകര്യങ്ങൾ പരിമിതപ്പെടുന്നതും മോശമാകുന്നതും സ്വാഭാവികം. ഇത്രയേറെ രോഗികളെ ഒന്നിച്ചു ചികിത്സിക്കാൻ വേണ്ടിയല്ലല്ലോ നമ്മുടെ ആശുപത്രികൾ രൂപകല്പന ചെയ്തിരിക്കുന്നത്. അവയുടെ ഭരണവും മനുഷ്യവിഭവവും ക്രമീകരിച്ചിരിക്കുന്നതും ഈ അസാധാരണ സാഹചര്യം മുന്നിൽ കണ്ടിട്ടല്ല. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അക്ഷരാർത്ഥത്തിൽ തങ്ങളെ മറന്ന് ഇവർ സേവനം കാഴ്ച വയ്ക്കുന്നു. കുറഞ്ഞ പക്ഷം ചികിത്സാകേന്ദ്രങ്ങളിലെ കുറവുകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും പരാതി പറയാതിരിക്കാനെങ്കിലും നമുക്കു കഴിയണം.
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുകളുള്ള സംസ്ഥാനമാണ് കേരളം. ആന്ധ്രയിലെയും തമിഴ് നാട്ടിലെയും മഹാരാഷ്ട്രയിലെയും ശരാശരി പ്രതിദിന മരണസംഖ്യ കേരളത്തിലെ ആകെയുള്ള കൊവിഡ് മരണത്തെക്കാൾ അധികമാണെന്നോർക്കണം. അവിടെയെല്ലാം വ്യാപിച്ച അതേ നോവൽ കൊറോണ വൈറസിന്റെ മാരകശേഷി ഇവിടെ കേരളത്തിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞത് ചികിത്സയുടെ നിലവാരം ഒന്ന് കൊണ്ട് മാത്രമാണല്ലോ. ഇതുവരെ കേരളത്തിലെ മരണസംഖ്യ അറുപത്. കൊവിഡ് കാരണം ഇന്ത്യയിൽ ആകെ മരിച്ചവർ മുപ്പത്തിമൂവായിരം. നമ്മുടെ ഡോക്ടർമാർ അർഹിക്കുന്നില്ലേ നിർവ്യാജമായ അഭിനന്ദനവും പ്രണാമവും? അവരെ ദൈവദൂതരെന്നു വിളിക്കുന്നതിൽ അനൗചിത്യമോ അതിശയോക്തിയോ ഇല്ല.