ശ്രീനാരായണ ഗുരുദേവന്റെ ആശീർവാദത്തോടുകൂടി ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി ആരംഭിച്ച ശ്രീനാരായണ ധർമ്മ പരിപാലനയോഗം ക്രമേണ വളർന്ന് രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു മഹദ് പ്രസ്ഥാനമായി മാറി. ജാതി നശീകരണം യോഗത്തിന്റെ പ്രഥമ ലക്ഷ്യമായിരുന്നു. ജാതികൾ തമ്മിലുള്ള അസമത്വമാണ് ജാതി സമ്പ്രദായത്തെ നിലനിറുത്തിപോരുന്നത്. ഈ അസമത്വം നീക്കാൻ യോഗം നിരന്തരംപോരാടി. ഈപോരാട്ടം കേരളത്തെ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ജനാധിപത്യത്തിലേക്ക് നയിക്കാൻ മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനത്തിന് വളരാൻ വളക്കൂറുള്ള മണ്ണായി രുപപ്പെടുത്താനും സഹായിച്ചു.
1944 ഡിസംബറിൽ യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി ആർ.ശങ്കർ തിരഞ്ഞെടുക്കപ്പെടുമ്പോൾ യോഗം ഒരു ശക്തമായ സംഘടനയായി രൂപപ്പെട്ടിരുന്നെങ്കിലും നീർജീവാവസ്ഥയിലായിരുന്നു. ഈ സ്ഥിതിയിൽ നിന്നും അതിനെ സജീവമായി നിലനിറുത്തുകയെന്നുള്ളതായിരുന്നു ആർ.ശങ്കറിൽ നിക്ഷിപ്തമായ ദൗത്യം. അദ്ദേഹം യോഗനേതൃത്വത്തിലേക്ക് വരുന്ന സമയം ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ നില പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസമേഖലയിൽ,ഒട്ടും തന്നെ തൃപ്തികരമായിരുന്നില്ല. 1941ലെ സെൻസസ് റിപ്പോർട്ടിൻ പ്രകാരം ഈഴവരുടെ 1,13,540 സന്താനങ്ങൾ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ ഉന്നത വിദ്യാഭ്യാസംനേടുന്നവർ കേവലം 499പേർ മാത്രമായിരുന്നു.ഈ കാലഘട്ടത്തിലെ യൂ.ജി.സി രേഖകൾ പ്രകാരം ഇന്ത്യയിൽ മൊത്തം 21 സർവകലാശാലകളും, 500കോളേജുകളും നിലനിന്നിരുന്നു. ഇവയിലെല്ലാം കൂടി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളും. പരിതാപകരമായ ഈ അവസ്ഥ, ജനറൽ സെക്രട്ടറിയായ ആർ.ശങ്കർ യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയും തത്ഫലമായി യോഗത്തിന്റെ നേതൃത്വത്തിൽ കൊല്ലത്ത് ഒരു ഒന്നാം ഗ്രേഡ്കോളേജ് സ്ഥാപിക്കാൻ സമ്മേളനം തീരുമാനമെടുക്കുകയുമുണ്ടായി.ആർ.ശങ്കറിന്റെ ചടുലമായ നീക്കങ്ങളുടെ ഫലമായി കൊല്ലത്ത് കോളേജ് സ്ഥാപിക്കുന്നതിന് വേണ്ടി അന്നത്തെ സർക്കാർ, 27 ഏക്കർ 10 സെന്റ് ഭൂമി ദീർഘകാല വ്യവസ്ഥയിൽ പാട്ടമായി അനുവദിച്ചു.ഇതേ മാനദണ്ഡത്തിൽ ഇക്കാലത്ത് കൃസ്ത്യൻ മിഷനറിമാർക്കും എൻ.എസ്.എസിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ഭൂമി പാട്ടത്തിന് നൽകിയിരുന്നു. അങ്ങനെ 1947ൽ കൊല്ലം ശ്രീനാരായണകോളേജിന്റെ ശിലാസ്ഥാപനം നടക്കുകയും 1948 ജൂണിൽ കോളേജിന്റെ പ്രവർത്തനം ഔദ്യോഗികപരമായി ആരംഭിക്കുകയും ചെയ്തു.
ശ്രീനാരായണ ട്രസ്റ്റ്
1949 മേയിൽ കൂടിയ യോഗവാർഷിക സമ്മേളനം,ട്രസ്റ്റ് രൂപീകരണത്തിന് യോഗം ഡയറക്ടർബോർഡിനെ ചുമതലപ്പെടുത്തി യോഗം ജനറൽ സെക്രട്ടറി നിയമാവലിക്ക് രൂപം കൊടുക്കുകയും 1952 ആഗസ്റ്റ് 3-ാം തീയതി കൂടിയ ഡയറക്ടർബോർഡ്യോഗം ആർ.ശങ്കർ രൂപം കൊടുത്ത നിയമാവലി അംഗീകരിച്ചു.1952 ആഗസ്റ്റ് 18ന് ആരംഭിച്ച ട്രസ്റ്റിന്റെ പ്രഥമ സെക്രട്ടറിയും ആർ.ശങ്കർ തന്നെ ആയിരുന്നു. ട്രസ്റ്റിന്റെ നിയമാവലിയിൽ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ട്രസ്റ്റിന്റെ ആരംഭകാലം മുതൽ ഇതുവരെ ഏഴ് സെക്രട്ടറിമാരാണ് ഉണ്ടായിട്ടുള്ളത്. വിശദാംശങ്ങൾ പട്ടികയിലുണ്ട്.
മേൽ വിവരിച്ച പ്രകാരം ഏഴ് സെക്രട്ടറിമാർ ഉണ്ടായിരുന്നവരിൽ നാലുപേർ അഞ്ച് വർഷത്തിൽ കൂടുതൽ അധികാരത്തിലിരുന്നവരാണ്.
സെക്രട്ടറി കാലഘട്ടം സ്ഥാപിച്ച വിദ്യാഭ്യാസ
സ്ഥാപനങ്ങൾ
കോളേജുകൾ സ്കൂളുകൾ ആശുപത്രി
മറ്റ് സ്ഥാപനങ്ങൾ
1.ആർ. ശങ്കർ 1) 1952- 64 13 3 1
2)1965 - 72
2. പി.എസ്. കാർത്തികേയൻ 1964 - 65 5 0 0
1972- 83
3. കെ.ടി അച്ചുതൻ 1983 0 0 0
4. എൻ. ചന്ദ്രഭാനു 1983 0 0 0
5 ഡോ.പി.കെ. ഗോപാലകൃഷ്ണൻ 1983- 84 0 0 0
6. എം.കെ. രാഘവൻ 1984 - 91 0 0 2 +1
7. റിസീവർ ഭരണം 1991 - 96 0 0 1
8. വെള്ളാപ്പള്ളി നടേശൻ 1996 മുതൽ 16 17 2
തുടരുന്നു
മേൽ വിവരിച്ച പ്രകാരം ഏഴ് സെക്രട്ടറിമാർ ഉണ്ടായിരുന്നവരിൽ നാലുപേർ അഞ്ച് വർഷത്തിൽ കൂടുതൽ അധികാരത്തിലിരുന്നവരാണ്.
ആർ. ശങ്കർ കാലഘട്ടം
എസ്.എൻ.ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായ ആർ.ശങ്കറിന്റെ കാലഘട്ടത്തിൽ പിന്നാക്ക ജനവിഭാഗത്തിന് ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായ കുതിച്ച് ചാട്ടം
എടുത്തു പറയാവുന്ന പ്രത്യേകതയാണ്. മുഖ്യമന്ത്രിയെന്ന നിലയിലും സമുദായനേതാവ് എന്ന നിലയിലും വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ളത്. നെടുങ്കണ്ടം ട്രെയിനിംഗ് കോളേജ്, കൊട്ടിയംപോളി ടെക്നിക്ക് ഉൾപ്പെടെ 13 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടത്.കൂടാതെ 3 സ്കൂളുകളും ആതുരസേവന രംഗത്ത് തുടക്കം കുറിച്ച കൊല്ലത്തെ ശങ്കേഴ്സ് ഹോസ്പിറ്റലും തുടങ്ങിയതും അദ്ദേഹം സെക്രട്ടറിയായി പ്രവർത്തിച്ച 19 വർഷ കാലഘട്ടത്തിൽ തന്നെ. പാർശ്വവത്കരിക്കപ്പെട്ടിരുന്ന പിന്നാക്ക സമുദായങ്ങൾക്ക് ഉന്നത വിദ്യാഭ്യാസമേഖലയിൽ മുന്നേറാൻ ആർ.ശങ്കറിന്റെ സംഭാവനകൾ കരുത്തേകി.
അസാധാരണമായ ഈ നേട്ടങ്ങൾ ഉണ്ടാക്കുന്നതിൽ ഈഴവ സമുദായാംഗങ്ങളും മറ്റു അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന് ആത്മാർത്ഥമായ സഹായസഹകരണങ്ങളും പ്രോത്സാഹനവും നൽകിയിട്ടുണ്ട്. പക്ഷേ എൻ.എസ്.എസ്നേതൃത്വത്തിന്റെ അനുഗ്രഹാശംസകളോടെയുള്ള അവിശ്വാസ പ്രമേയത്തിൽ കൂടി മുഖ്യമന്ത്രിക്കസേരയിൽ നിന്നും അദ്ദേഹത്തിന് പുറത്തുപോകേണ്ടിവന്നതിന്റെ പ്രധാന കാരണം സ്വന്തം സമുദായത്തിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 'വാരിക്കോരി നൽകി" എന്ന (5 കോളേജുകൾ) ആരോപണവും, തുടർന്ന് മറ്റു സമുദായങ്ങൾക്കുണ്ടായ നീരസവുമായിരുന്നുവെന്നുള്ളതും ഇത്തരുണത്തിൽ സ്മരിക്കേണ്ടതുണ്ട്. ഈ അതുല്യ സംഭാവനകളെല്ലാം സമുദായത്തിന് നൽകിയ അദ്ദേഹത്തെ ക്രൂശിച്ച് ശരശയ്യയിൽ കിടത്തിയത് സ്വന്തം സമുദായത്തിൽപെട്ട കുലം കുത്തികളാണെന്നുള്ളത് ഈ സമുദായത്തിന്റെ ശാപമായി കാണേണ്ടിയിരിക്കുന്നു.
പി.എസ്. കാർത്തകേയൻ,
എം.കെ. രാഘവൻ കാലഘട്ടം
പി.എസ്.കാർത്തികേയൻ സെക്രട്ടറിയായിരുന്ന 12 വർഷ കാലഘട്ടം 3 കോളേജുകളും 2 ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അനുവദിച്ചു കിട്ടിയ 3 കോളേജുകൾക്കും കെട്ടിടങ്ങൾ നിർമ്മിച്ച് വിപുലമായ വികസന പ്രവർത്തനങ്ങൾ നടത്തിയത് എം.കെ.രാഘവൻ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. ഇദ്ദേഹം സെക്രട്ടറിയായിരുന്ന 7 വർഷ കാലഘട്ടത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിൽ പുതിയ കോഴ്സുകൾ നേടിയെടുക്കുന്നതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ആർ.ശങ്കറിനെ പിൻതുടർന്ന നിഗൂഢ ശക്തികളുടെ കുതന്ത്രങ്ങൾ എം.കെ.രാഘവനേയും വേട്ടയാടി. ആയതിനാൽ ദീർഘകാലം സെക്രട്ടറിയായി തുടർന്നുവെങ്കിലും പിന്നാക്ക സമുദായത്തിന്റെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾക്കുവേണ്ടി കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കാതെ അദ്ദേഹത്തിന് വിരമിക്കേണ്ടിവന്നു. ആർ.ശങ്കറിനുശേഷം കേരളം കണ്ട ശക്തനായ രാഷ്ട്രീയനേതാവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന എം.കെ. രാഘവനുപോലും ഏഴ് വർഷത്തിൽ കൂടുതൽ ഈ പ്രസ്ഥാനത്തിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ലായെന്നുള്ളത് ശ്രദ്ധേയമാണ്. അദ്ദേഹത്തെ പ്രവർത്തിക്കാനനുവദിക്കാത്ത ക്ഷുദ്ര ശക്തികൾ ശ്രീനാരായണ ട്രസ്റ്റിനെ റിസീവർ ഭരണത്തിൽ കൊണ്ടെത്തിച്ചു. ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ വികസന മുരടിപ്പായിരുന്നു റിസീവർ ഭരണകാലത്തുള്ള 5 വർഷകാലം.
വെള്ളാപ്പള്ളി നടേശൻ
സെക്രട്ടറിയാകുന്നു
ഈഴവ സമുദായത്തിന് കരുത്തുറ്റ ഒരുനേതാവുണ്ടോ ? എന്നചോദ്യം ഉയർന്ന ഒരു ഘട്ടത്തിലായിരുന്നു എസ്.എൻ.ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പിയോഗത്തിന്റെയും നേതൃത്വത്തിലേക്കുള്ള വെള്ളാപ്പള്ളി നടേശന്റെ വരവ്. നീണ്ട 24 വർഷം രണ്ട് സംഘടനകളുടെയും നേതൃത്വ സ്ഥാനങ്ങളിൽ തുടരുകയും ചെയ്യുകയെന്നുള്ളത് അദ്ദേഹത്തിന് മാത്രം നേടാൻ കഴിയുന്ന ഒരു അപൂർവ ബഹുമതി തന്നെ. ഈ കാലഘട്ടത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസമേഖലയിൽ കാര്യമായ പുരോഗതിനേടാൻ സാധിച്ചുവെന്നുള്ളത് പ്രസ്തുത കാലയളവിൽ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേർ സാക്ഷിയണ്. 33 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എസ്.എൻ.ട്രസ്റ്റിന്റെ കീഴിൽ മാത്രം ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടത്. ഒരു എയ്ഡഡ് കോളേജ് ഉൾപ്പെടെ 16കോളേജുകൾ, 5 സെൻട്രൽ സ്കൂളുകൾ കൂടാതെ 12 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ അങ്ങനെ ഉന്നത വിദ്യാഭ്യാസമേഖലയിൽ തല ഉയർത്തി നിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെന്റായി ശ്രീനാരായണ ട്രസ്റ്റ് വളർന്നു. ഇതു കൂടാതെ വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായിട്ടുള്ള എസ്.എൻ.ഡി.പിയോഗത്തിന്റെ കീഴിൽ 7 പുതിയകോളേജുകളും 11 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളും ആരംഭിച്ചിട്ടുണ്ട് എന്നുള്ളത് ഈ കാലഘട്ടത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി വിദ്യാഭ്യാസമേഖലയിൽ നൽകിയ മികച്ച സംഭാവനയായി കരുതേണ്ടതുണ്ട്.
എസ്.എൻ.ട്രസ്റ്റിന്റെ കീഴിൽ പുതുതായി സ്ഥാപിച്ച 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ലാ കോളേജ് ഉൾപ്പെടെയുള്ള രണ്ട് പ്രൊഫഷണൽ കോളേജുകളും ഒരു നഴ്സിംഗ് കോളേജും പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഉൾക്കൊള്ളുന്നു.കൊല്ലത്തിന്റെ അഭിമാനമായ ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ഈ കാലഘട്ടത്തിൽ ആതുരസേവനരംഗത്ത് നൽകിയ സംഭാവനകളാണ്. എസ്.എൻ.ട്രസ്റ്റിന് കോളേജ് സ്ഥാപിക്കാൻവേണ്ടി ആർ.ശങ്കർ അന്നത്തെ സർക്കാരിൽ നിന്നും ദീർഘകാല പാട്ടമായി നേടിയെടുത്ത 27 ഏക്കർ 10 സെന്റ് ഭൂമി പല ദുർഘട ഘട്ടങ്ങൾ തരണം ചെയ്ത് പതിച്ചെടുപ്പിച്ചതും ഈ കാലയളവിൽ തന്നെ.
ഉന്നത വിദ്യാഭ്യാസരംഗത്ത് അഭിമാനകരമായനേട്ടങ്ങളാണ് വെള്ളാപ്പള്ളി നടേശന്റെനേതൃത്വത്തിൽ ഈ കാലഘട്ടത്തിൽ ഉണ്ടാക്കിയതെന്ന് നിസംശയം പറയാം.മറ്റു വികസന പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള 13 എയ്ഡഡ് കോളേജുകളിലും വനിതാഹോസ്റ്റലുകൾ നിർമ്മിക്കുകയുണ്ടായി. പഠനത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള നാക്ക് അക്രഡിറ്റേഷൻ ഈ കാലഘട്ടത്തിൽ എല്ലാ എയ്ഡഡ് കോളേജുകളിലും നടത്തുകയുണ്ടായി. ഇതിൽ 3 കോളേജുകൾക്ക് നാക്കിന്റെ 'എ"ഗ്രേഡും ലഭിച്ചു. നാക്കിന്റെ നിർദ്ദേശ പ്രകാരം കോളേജുകളിലെ പഠനത്തിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻവേണ്ടിയുള്ള വികസന പ്രവർത്തനങ്ങളും ബന്ധപ്പെട്ട കോളേജുകളിൽ നടത്തിയിട്ടുണ്ടെന്നുള്ളതും നാക്ക് പിയർ ടീം അംഗം എന്ന നിലയിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുകയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നൂറിലധികം കോളേജുകൾ വിലയിരുത്തിയിട്ടുള്ള വ്യക്തി എന്ന നിലയിൽ ഈ ലേഖകന് ബോദ്ധ്യം വന്നിട്ടുള്ളതാണ്.നാക്കിന് ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ നമ്മുടെ 10 കോളേജുകൾക്ക് 2കോടി രൂപാ വീതം ഫണ്ട് അനുവദിച്ചു.ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് കോർപ്പറേഷൻ ബിൽഡിംഗിന് സമീപം രണ്ടു നിലകളും, 40,000 സ്ക്വയർ ഫീറ്റ് സെല്ലാറുമായി ഒരു ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിച്ചത് ട്രസ്റ്റിന് ഒരു സ്ഥിരം മുതൽകൂട്ടാണ്.
റിസീവർമാരുടെ കാലഘട്ടം നിർജീവാവസ്ഥയിലായിരുന്ന ശ്രീനാരായണ ട്രസ്റ്റിനെ കഴിഞ്ഞ 24 വർഷത്തെ തന്റെ പ്രവർത്തനം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയും ആയതിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാൻ ശക്തമായ ദീർഘവീക്ഷണവും അർപ്പണ മനോഭാവവും സമുദായ സ്നേഹവുമുള്ള ഒരു നേതാവിനു മാത്രമേ കഴിയൂ. എതിരാളികളെ നിരാശപ്പെടുത്തിക്കൊണ്ട് കാലാകാലങ്ങളായി വ്യവഹാരത്തിന്റെ നൂലാമാലകളിൽ പെട്ട് തളർന്നുകിടന്ന ശ്രീനാരായണ ട്രസ്റ്റിനെ വളർച്ചയുടെ വഴിയിലെത്തിച്ച് കൂടുതൽ ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ വെള്ളാപ്പള്ളി നടേശന്റെനേതൃത്വത്തിലുള്ള ട്രസ്റ്റ് ഭരണത്തിന് സാധിച്ചിട്ടുണ്ടെന്നുള്ളത് തർക്കമറ്റ കാര്യം തന്നെ.
(കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ് ലേഖകൻ )