chenn

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് കൺസൾട്ടൺസി രാജാണെന്നും സ്വന്തം വകുപ്പുകൾ ഭരിക്കാൻ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സ‌ർക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാർക്ക്ദാനം,ബ്രുവറി, ട്രാൻസ്കിറ്റ്, ആഭ്യന്തര വകുപ്പിലെ അഴിമതി,ഐടി വകുപ്പിലെ അഴിമതി,പമ്പ മണൽകടത്ത്, പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടേറിയ‌റ്രിൽ ഓഫീസ് തുറക്കാൻ അനുവദിച്ചത് ഇങ്ങനെ നിരവധി അഴിമതികൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അഴിമതിയാണ് ഈ സർക്കാരിന്റെ മുഖമുദ്ര.

ഇതുവരെ രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിൽ പ്രതിസ്ഥാനത്ത് വന്നിട്ടില്ല. വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയിൽ മുങ്ങി. ഐടി വകുപ്പ് അഴിമതി വാർത്തകൾ പുറത്ത് വരുന്നു. വകുപ്പിന് കീഴിലുള‌ള 24 ഓളം സ്ഥാപനങ്ങളിൽ നടന്നിട്ടുള‌ള നിയമനങ്ങൾ ഭൂരിഭാഗവും പിൻവാതിൽ വഴിയുള‌ളതാണ്. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക്‌ ലിസ്‌റ്റിൽ വന്ന ചെറുപ്പക്കാരെ ചതിക്കുന്ന പിൻവാതിൽ നിയമനം നടത്തുന്ന സർക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണം.

സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മദ്യം ബീവറേജസിലൂടെ അല്ലാതെ വിൽക്കുന്നത് കോർപറേഷന് വലിയ നഷ്ടം വരുത്തി. ബെവ്കോ ആപ്പ് കൊണ്ടുവന്നത് ഒരു ഇടത് സഹയാത്രികനാണ്. നിരവധി കാര്യങ്ങൾക്ക് കൺസൾട്ടൻസികളെ കൊണ്ടുവന്നു ഈ സർക്കാർ. യുഡിഎഫ് കൺസൾട്ടൻസികൾക്ക് എതിരല്ല. എന്നാൽ ആവശ്യമുള‌ള കാര്യത്തിന് മതി കൺസൾട്ടൻസികൾ. റോഡ് നിർമ്മാണത്തിനും മ‌റ്റും എന്തിനാണ് കൺസൾട്ടൻസി എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ശബരിമല വിമാനത്താവളത്തിനായി 2017ൽ ഒരു കൺസൾട്ടൻസിയെ കൊണ്ടുവന്നു. ഗ്ളോബൽ ടെൻഡറിലൂടെ ലൂയിസ് ‌ബർഗർ എന്ന അമേരിക്കൻ കമ്പനിയെയാണ് കൊണ്ടുവന്നത്. ഇവർക്കായി 4.6 കോടി രൂപ നിശ്ചയിച്ചു. മൂന്ന് വർഷമായിട്ടും വിമാനത്താവളത്തിനായി നിശ്ചയിച്ച ചെറുവള‌ളി എസ്‌‌റ്റേ‌റ്റിൽ കടക്കാൻ പോലും ഇവർക്കായിട്ടില്ല. ആഗോള തലത്തിൽ അഴിമതി ആരോപണം നേരിട്ടിട്ടുള‌ള കമ്പനിയാണ് ലൂയിസ് ബർഗറെന്നും ചെന്നിത്തല പറഞ്ഞു. ആലിബാബയും നാൽപത്തൊന്ന് കള‌ളന്മാരും എന്ന് പറയുന്നതുപോലെയാണ് സ‌ർക്കാരിന്റെ പ്രവർത്തനമെന്നും ചെന്നിത്തല ആരോപിച്ചു.