കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് 2021 ജനുവരി 15ൽ നിന്ന് ജൂൺ ഒന്നിലേക്ക് നീട്ടി. കൊവിഡ് -19 വ്യാപനം രൂക്ഷമായത് വിപണിയെ ബാധിച്ച പശ്‌ചാത്തലത്തിലാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞു.
ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾ കഴിഞ്ഞ ജനുവരി 15ന് ആരംഭിച്ചിരുന്നു. 14, 18, 22 കാരറ്ര് സ്വർണാഭരണങ്ങളാണ് ഹാൾമാർക്ക് ചെയ്യേണ്ടത്. ബി.ഐ.എസ് ഹാൾമാർക്കിംഗിലേക്ക് മാറാനും മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുമാണ് ഒരുവർഷത്തെ സാവകാശം. 2021 ജൂൺ ഒന്നുമുതൽ ഹാൾമാർക്ക് മുദ്രയുള്ള സ്വർണാഭരണങ്ങളേ വിൽക്കാനാകൂ. മാനദണ്ഡം ലംഘിക്കുന്നവർക്ക് ഒരുലക്ഷം രൂപ മുതൽ സ്വർണാഭരണത്തിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴ, ഒരുവർഷം ജയിൽ തുടങ്ങിയ ശിക്ഷകൾ കേന്ദ്രം പാസാക്കിയ ആക്‌ടിലുണ്ട്.
ജനങ്ങളുടെ പക്കലുള്ള
സ്വർണത്തിന് പ്രശ്‌നമില്ല
ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാർമാർക്കിംഗ് നിബന്ധന ബാധകമല്ല. സ്വർണക്കടയിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് നിബന്ധന ബാധകം.
ഉപഭോക്താക്കളുടെ കൈവശമുള്ള, ബി.ഐ.എസ് മുദ്രയില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും മാറ്റിവാങ്ങാനും തടസമില്ല. വിൽക്കുമ്പോൾ വിപണിവില തന്നെ ലഭിക്കും. ബാങ്കുകളിൽ പണയം വയ്ക്കാനും തടസമില്ല.
എന്തുകൊണ്ട് ഹാൾമാർക്ക്?
സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് പ്രധാനമായും ഹാൾമാർക്ക് മുദ്ര നൽകുന്നത്.
സ്വർണം ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌തതാണോ എന്നറിയാൻ ഉപഭോക്താക്കൾ ആഭരണത്തിൽ നാല് കാര്യങ്ങൾ നോക്കണം:
1. ബി.ഐ.എസ് മാർക്ക്
2. കാരറ്രിൽ സൂചിപ്പിച്ച നിലവാരം
3. ഹാൾമാർക്കിംഗ് സ്ഥാപനത്തിന്റെ പേര്
4. ജുവലറിയുടെ ഐഡന്റിഫിക്കേഷൻ.
ബി.ഐ.എസ് കേന്ദ്രം
രാജ്യത്ത് 234 ജില്ലകളിലായി 892 ബി.ഐ.എസ് ഹാൾമാർക്കിംഗ് സ്ഥാപനങ്ങളുണ്ട്.
28,849 വ്യാപാരികൾ ബി.ഐ.എസ് രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്.
14 കാരറ്ര്, 18 കാരറ്ര്, 22 കാരറ്ര് സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് ഹാൾമാർക്കിംഗ് ലഭിക്കുക. മറ്ര് കാരറ്ര് സ്വർണാഭരണങ്ങൾ ഇനി വിൽക്കാനാവില്ല.
വിദേശങ്ങളിലെ 21 കാരറ്ര് സ്വർണാഭരണം കൊണ്ടുവന്ന് ഉപയോഗിക്കാനും മാറ്റിവാങ്ങാനും വിൽക്കാനും തടസമില്ല
800 ടൺ
ലോകത്ത് സ്വർണം ഇറക്കുമതിയിൽ ഒന്നാമതും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ. പ്രതിവർഷം 700-800 ടൺ സ്വർണമാണ് ഇന്ത്യയുടെ ഇറക്കുമതി.