covid

ലണ്ടൻ: വളർത്തുമൃഗങ്ങളെ പോലും ഉമ്മവയ്ക്കാൻ കഴിയാത്തതിന്റെ ഗതികേടിലാണ് ലണ്ടൻകാർ. കാരണം മറ്റൊന്നുമല്ല ബ്രിട്ടനിലെ ഒരു വളർത്തുപൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. തെക്കൻ ഇംഗ്ലണ്ടിലെ ഒരു പൂച്ചയ്ക്ക് ഉടമയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം.

ആറ് വയസ് പ്രായമുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതു ഭേദമായെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളർത്തുന്നവർ അതീവജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. എന്നാൽ വളർത്തുമൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് കൊവിഡ് സ്ഥിരീകരിക്കുമെന്ന് ഇതുവരെ പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ല.

ഗ്ലാസ്‌ഗോ സെന്റർ ഫോർ വൈറസ് റിസര്‍ച്ചിൽ ജൂണിൽ നടന്ന പരിശോധനയിൽ പൂച്ചയ്ക്ക് കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആനിമൽ പ്ലാന്റ് ഹെൽത്ത് ലബോറട്ടറിയിൽ നടന്ന വിശദ പരിശോധനയിൽ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

ശ്വാസകോശസംബന്ധമായ രോഗമുള്ളവർ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകൾ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയിൽ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സർവകലാശാലയിലെ വൈറോളജി പ്രൊഫസർ മാർഗരറ്റ് ഹൊസി മുന്നറിയിപ്പ് നൽകി.