smartphones

കൊച്ചി: ഇന്ത്യയിൽ വിറ്റഴിയുന്ന ഓരോ 100 സ്‌മാർട്ഫോണുകളിലെയും 73 എണ്ണം ചൈനീസ് നിർമ്മിതമാണ്. അവയിൽ തന്നെ 43 ശതമാനവും ഒരൊറ്റ കമ്പനിയുടെ വിഹിതം! എന്നാൽ,​ ഈ കമ്പനി നേരിട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. പകരം പല ബ്രാൻഡുകൾ,​ പല മോഡലുകൾ.

ബി.ബി.കെ ഇലക്‌ട്രോണിക്‌സ് എന്നാണ് ഈ 'രഹസ്യ" മുതലാളിക്കമ്പനിയുടെ പേര്. വടക്ക്-കിഴക്കൻ ചൈനയിലെ തുറമുഖ പ്രവിശ്യയായ ഗ്വാംഗ്ഡോംഗിലെ വ്യവസായ നഗരമായ ഡോംഗ്‌ഗ്വാൻ ആണ് ആസ്ഥാനം. ഓപ്പോ,​ വിവോ,​ വൺ പ്ളസ്,​ റിയൽമീ എന്നിവയും പുതുതായി അവതരിപ്പിച്ച ബ്രാൻഡായ ഐക്യൂവുമാണ് (iQoo) ബി.ബി.കെയുടെ ഇന്ത്യയിലെ ബ്രാൻഡുകൾ. ലോകത്തെ മൂന്നാമത്തെ വലിയ സ്മാർട്‌ഫോൺ കമ്പനിയെന്ന് കരുതുന്ന ബി.ബി.കെ പക്ഷേ,​ ഒരിടത്തും ഈ ബ്രാൻഡുകളുടെ അവകാശം പരസ്യപ്പെടുത്താറില്ല. മാദ്ധ്യമങ്ങളിൽ ബി.ബി.കെ നേരിട്ട് പ്രത്യക്ഷപ്പെടാറുമില്ല.

ഇന്ത്യയും ചൈനീസ് ഫോണും

വിവോ വേണോ ഓപ്പോ വേണോ എന്നാലോചിച്ച് തലപുകയ്ക്കുന്ന ഒട്ടുമിക്ക ഇന്ത്യൻ സ്മാർട്‌ഫോൺ ഉപഭോക്താക്കൾക്കും അറിയില്ല,​ ഇവയിലേത് ഫോൺ വാങ്ങിയാലും അന്തിമമായി പണം ചെല്ലുന്നത് ബി.ബി.കെ ഇലക്‌ട്രോണിക്‌സ് എന്ന മാതൃകമ്പനിയിലേക്കാണെന്ന്.

 വിവോയ്ക്ക് ഓപ്പോയ്ക്കും റിയൽമീക്കും കൂടി ഇന്ത്യൻ സ്മാർട്‌ഫോൺ വിപണിയിലുള്ള വിഹിതം 44.2 ശതമാനമാണ്.

 ഏറ്രവുമധികം വിപണി വിഹിതമുള്ള ഒറ്റക്കമ്പനി ഷവോമിയാണ്; വിഹിതം 30.9 ശതമാനം.

 ഷവോമിയും ചൈനീസ് ബ്രാൻഡാണ്.

 കൊറിയൻ കമ്പനിയായ സാംസംഗിന്റെ വിഹിതം 16.8 ശതമാനം.

 വിവോയുടെ വിഹിതം : 21.3%,​ ഓപ്പോ : 12.9%

ഇന്ത്യയിൽ പ്രതീക്ഷ

കൈവിട്ട് ഹുവാവേ

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് കത്തിപ്പടർന്ന 'ബോയ്‌കോട്ട് ചൈന" കാമ്പയിൻ ഹുവാവേയ്ക്ക് വലിയ തിരിച്ചടിയാകുകയാണ്. 2020ൽ ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം കമ്പനി 50 ശതമാനത്തോളം വെട്ടിക്കുറച്ച് 50 കോടി ഡോളറാക്കി. ആദ്യപ്രതീക്ഷ,​ കുറഞ്ഞത് 80 കോടി ഡോളർ ആയിരുന്നു. ഇന്ത്യയിലെ ജീവനക്കാരിൽ 70 ശതമാനം പേരെ കമ്പനി പിരിച്ചുവിടുമെന്നും കേൾക്കുന്നു. ബി.എസ്.എൻ.എൽ.,​ എം.ടി.എൻ.എൽ എന്നിവ ഹുവാവേയുടെ ഉപകരണങ്ങൾ വാങ്ങുന്നത് റദ്ദാക്കിയിരുന്നു.