nia

തിരുവനന്തപുരം: സ്വ‌ർണക്കടത്ത് കേസിൽ എൻ ഐ എയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും എൻ ഐ എയിലെ മുതി‌ർന്ന ഉദ്യോഗസ്ഥ‌ർ ചോദ്യം ചെയ്യുന്നുണ്ട്. എന്‍ ഐ എയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ നടന്നത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍കഴിഞ്ഞിട്ടില്ലെന്നാണു ലഭിക്കുന്ന സൂചനകൾ. സ്വർണക്കടത്ത് കേസിൽ ഭീകരവാദ സംഘടനകൾക്കും ബന്ധമുണ്ടോയെന്നും എൻ ഐ എ അന്വേഷിക്കുന്നുണ്ട്.

ശിവശങ്കറിനെ ചോദ്യംചെയ്യുന്ന എൻ ഐ എ ഉദ്യോഗസ്ഥ കെ ബി വന്ദനയും ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അര്‍ജുന്‍ റാം മേഘ്വാല്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു തമിഴ് നാട് സ്വദേശിനി ആയ കെ ബി വന്ദന. അതുകൊണ്ടുതന്നെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഭീകരവാദ സംഘടനകളും എങ്ങനെ പ്രവർത്തിക്കുന്നെന്ന് കൃത്യമായി അറിയാൻ സാധിക്കും.

2004 ബാച്ച് രാജസ്ഥാൻ കേഡർ ഐ പി എസ് ഉദ്യോഗസ്ഥയാണ് കെ ബി വന്ദന. നോർത്ത് കരോലിനയിലെ അമേരിക്കൻ ഇന്റലിജൻസ് ട്രെയിനിംഗ് അക്കാദമിയിൽ ഭീകര വിരുദ്ധ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയ ചുരുക്കം ചില വനിത ഐ പി എസ് ഉദ്യോഗസ്ഥരിൽ ഒരാൾ.

കേരളത്തിലേക്കുള്ള സ്വർണക്കടത്തുകൾക്കു പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്ന് ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നു.