കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പ്രമുഖ കൺസ്യൂമർ ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി-ഗാർഡ് രേഖപ്പെടുത്തിയത് 42 ശതമാനം ഇടിവോടെ 408 കോടി രൂപയുടെ വരുമാനം. 706.65 കോടി രൂപയായിരുന്നു മുൻവർഷത്തെ സമാനപാദത്തിൽ. ലാഭം 53.03 കോടി രൂപയിൽ നിന്ന് 93 ശതമാനം താഴ്‌ന്ന് 3.64 കോടി രൂപയായി.
ലോക്ക്ഡൗൺ മൂലം ഏപ്രിലിൽ വിറ്റുവരവ് ലഭിച്ചില്ല. മേയിൽ 2019 മേയുടെ 70 ശതമാനം ലഭിച്ചു; ജൂണിൽ 90 ശതമാനവും. കൊവിഡ് ഭീതിമൂലം ഫാക്‌ടറികളുടെ ശേഷി പൂർണതോതിൽ ഉപയോഗിച്ചില്ല. ഇതു പ്രവർത്തനലാഭത്തെ ബാധിച്ചു. ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം കുറയ്ക്കുകയോ കമ്പനി ചെയ്‌തില്ല. എന്നാൽ, ചെലവ് ചുരുക്കൽ നടപടികൾ തുടരുമെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.