
ചോക്ളേറ്റ് ഉൾപ്പെടെയുള്ള ഒരു പിടിചിത്രങ്ങളിലൂടെ മലയാളികളുടെ
പ്രിയങ്കരിയായ മറുനാടൻ സുന്ദരി റോമ തിരിച്ചുവരവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
തിരിച്ചുവരവിനെക്കുറിച്ച്?
പ്രവീൺ രാജ് പൂക്കാടൻ എന്ന പുതുമുഖ സംവിധായകന്റെ  വെള്ളേപ്പം  എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. സാറ എന്ന കഥാപാത്രമാണ്. അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻഎന്നിവരാണ് മറ്റു താരങ്ങൾ. മൂന്നു വർഷത്തിനുശേഷമാണ് മലയാളത്തിൽ അഭിനയിക്കുന്നത്.
ഇതിനിടെ പലരും വിളിച്ചു. മികച്ച ക്രൂവിനൊപ്പമുള്ള, വലിയ സ്റ്റാർസിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങൾ.പക്ഷേ എനിക്കു കിട്ടിയ കഥാപാത്രങ്ങൾ കാമ്പില്ലാത്തവയായിരുന്നു. വളരെ സാധാരണമായ കഥാപാത്രങ്ങൾ ചെയ്യാതിരിക്കുകയാണ് നല്ലതെന്നു തോന്നി. അന്നും ഇന്നും സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ചില ഡിമാൻഡുകൾ എനിക്കുണ്ട്. എന്റെ കഥാപാത്രം എത്രമാത്രം കരുത്തുറ്റതാണെന്നും അർത്ഥവത്താണെന്നും നോക്കിയേ ഞാൻ ചാടിവീഴൂ. നോട്ട്ബുക്കും ചോക്ലേറ്റും ലോലിപോപ്പുമൊക്കെ എന്റെ ഇഷ്ടസിനിമകളാണ്.
എന്തൊക്കെയാണ് ആ ഇഷ്ടങ്ങൾ?
ഞാൻ എന്റെ ജീവിതം പ്ളാൻ ചെയ്യാറില്ല. സിനിമയുടെ കാര്യവും അതുപോലെയാണ്.സിനിമയും പാട്ടും നൃത്തവും പോലെ എന്റെ പാഷനാണ് യാത്രകളും . സിനിമയിൽ ഒരേപോലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുത്തപ്പോൾ ഞാൻ ഒരു ഗ്യാപ് എടുത്തു. ഒരുപാട് രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ശരിക്കും ലോകം മുഴുവൻ ചുറ്റി.
ഇഷ്ടപ്പെട്ട സ്ഥലം?
അമേരിക്കയാണ് എന്റെ ഫേവറിറ്റ്. ന്യൂയോർക്കിലും ഫിലാഡൽഫിയയിലും താമസിക്കാൻ ഇഷ്ടമാണ്.
മറ്റുഭാഷാ സിനിമകൾ ?
അഭിനയിക്കുന്നെങ്കിൽ അത് മലയാള സിനിമയിലെ ഉള്ളൂ. ഞാൻ വന്നതും നിന്നതും സ്നേഹിക്കുന്നതും മലയാള സിനിമയെയാണ്. പണം മാത്രമല്ല പ്രധാനം. അംഗീകരിക്കപ്പെടുക എന്നതാണ് വലിയ കാര്യം. വീട് ബാംഗ്ളൂരാണ്. പക്ഷേ മലയാളം ഞാൻ നന്നായി സംസാരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് കേരളം. മലയാളികൾക്ക് എന്നോടും ഒരുപാട് ഇഷ്ടമാണ്. ദൈവത്തിന്റെ ഈ സ്വന്തം നാടാണ് എനിക്ക് ഭാഗ്യങ്ങൾ തന്നത്. കേരളത്തിലെത്തുമ്പോൾ സ്വന്തം വീട്ടിൽ എത്തിയതുപോലെയാണ്. ഇവിടുത്തെ പുട്ട്, അപ്പം, കടലക്കറി എല്ലാം നല്ല സ്വാദാണ്.
സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
ഡൽഹിയിലെ സിന്ധി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛനും അമ്മയും വളരെ കാലം ചെന്നൈയിലായിരുന്നു . അവർക്ക് അവിടെ ഹോൾ സെയിൽ ആഭരണ കടയുണ്ടായിരുന്നു.അതു കൊണ്ട് ഞാൻ വളർന്നത് ചെന്നൈയിലാണ് . സിനിമയിലെത്തും മുൻപ് മോഡലിംഗിൽ സജീവമായിരുന്നു. അതിനിടയിലാണ് 2005-ൽ ഞാൻ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. എങ്കിലും സിനിമയാണ് എന്റെ കരിയർ എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നില്ല. ഞാൻ അതിൽ കൂടുതൽ ശ്രദ്ധിച്ചതുമില്ല. എന്റെ ഫോട്ടോ കണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ് അടുത്ത സിനിമയിലേക്ക് നായികയായി ക്ഷണിച്ചെന്ന് ഒരു ദിവസം എന്റെ ആഡ് കോ-ഓർഡിനേറ്റർ പറഞ്ഞു. 'നോട്ട്ബുക്ക് " സിനിമയിലേക്കുള്ള വഴി തെളിഞ്ഞത് അങ്ങനെയാണ്. അന്നെനിക്ക് മലയാളം ഒട്ടും അറിയില്ല. കോ-ഓർഡിനേറ്റർ കഥ കേൾക്കാൻ പറഞ്ഞു. കഥ കേട്ടതോടെ ഞാൻ അഭിനയിക്കാൻ തീരുമാനിച്ചു.
റോമയോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രം?
ഞാൻചെയ്ത എല്ലാ കഥാപാത്രങ്ങളിലും ഒരു പരിധി വരെ യഥാർത്ഥ ഞാൻ ഉണ്ട്. ‘നോട്ട്ബുക്കി’ലെ സൈറയെ പോലെ ഞാനും ഊട്ടിയിൽ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചത്. സൈറയെ പോലെ അടുത്ത കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നു. സൈറയെ പോലെ മൂല്യങ്ങൾ ഉള്ള പെൺകുട്ടിയാണ് ഞാനും. അങ്ങനെ ഒാരോ കഥാപാത്രങ്ങളിലും എനിക്ക് എന്നെ കാണാനായിട്ടുണ്ട്.
ആരാണ്  റോൾ മോഡൽ?
എന്റെഅമ്മ. എന്റെ സ്വഭാവം ഈ രീതി യിൽ രൂപപ്പെടുത്തിയത് അമ്മയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയും അമ്മ തന്നെ. എന്റെ സുഹൃത്തും വഴികാട്ടിയുമെല്ലാം അമ്മയാണ്.
റോമയുടെ സ്വഭാവത്തിലെ പ്രത്യേകതകൾ?
എന്തും വെട്ടിത്തുറന്ന് പറയും . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽആരോപണം കേട്ടിട്ടുള്ളത് ഒരു പക്ഷേ ഞാനായിരിക്കും. ചെയ്യുന്ന തൊഴിലിനോട് നൂറ് ശതമാനവും നീതി പുലർത്തുന്നയാളാണ് ഞാൻ. എനിക്ക് ഇഷ്ടമില്ലാത്ത കാര്യം ആരുടെ ഭാഗത്തു നിന്നുണ്ടായാലും വലിപ്പ ചെറുപ്പമില്ലാതെ പ്രതികരിക്കും.
ഗോസിപ്പുകളിൽ മുന്നിൽ ആയിരുന്നല്ലോ?
വിജയത്തിന്റെ ഭാഗമാണ് നുണക്കഥകൾ. അത് ഏത് മേഖലയിലും ഉണ്ട്. നമ്മൾ വിജയിക്കുമ്പോൾ നമുക്കെതിരെ അറിഞ്ഞിട്ടോ കേട്ടിട്ടോ ഇല്ലാത്ത കഥകൾ ഉയർന്നു വരും. അനേകം പേരുമായി ചേർത്ത് ഗോസിപ്പുകൾ കേട്ടു. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലായി.