തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പ്രചാരണത്തിന് ഓൺലൈൻ പ്ളാറ്റ് ഫോം ഫലപ്രദമായി വിനിയോഗിക്കാൻ സി.പി.ഐയുടെ തയാറെടുപ്പ്. മറ്റ് രാഷ്ട്രീയ പാർട്ടികൾ നവമാദ്ധ്യമങ്ങളിൽ നിറയുമ്പോൾ അതിനെ കിടപിടിക്കത്തക്ക വിധത്തിലാണ് സി.പിഐയുടെ ഒരുക്കം.
സ്വന്തമായി ടെലിവിഷൻ ചാനൽ ഇല്ലാത്തതിനാൽ യൂ ട്യൂബ് ചാനൽ തുടങ്ങാനാണ് സി.പി.ഐ തീരുമാനം. ഇടതുപക്ഷ രാഷ്ട്രീയം താഴെത്തട്ടിലെത്തിക്കാനും സ്വതന്ത്ര ആശയ പ്രചാരണത്തിനും യൂ ട്യൂബ് ചാനൽ തുടങ്ങേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഇടത് രാഷ്ട്രീയവും സർക്കാർ നേട്ടങ്ങളും ചാനൽ വഴി ജനങ്ങളിലെത്തിക്കും.
കെ.പി.എ.സി നാടകങ്ങളും യൂ ട്യൂബ് വഴി പ്രചരിപ്പിക്കാനുള്ള ആലോചനയുണ്ട്. അടുത്തിടെയൊന്നും വേദികളിൽ നിന്ന് വേദികളിലേക്ക് പായുന്ന ഒരു നാടക കാലം വരില്ലെന്നാണ് പാർട്ടി കരുതുന്നത്. എന്നാൽ, കേരള രാഷ്ട്രീയ ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കിയ കെ.പി.എ.സിയെ കൈവിടാൻ പാർട്ടി തയ്യാറല്ല.
നാടക സംഘത്തെ സജീവമായി നിലനിറുത്താനുള്ള ആലോചനയാണ് യു ട്യൂബ് വഴി നാടകം കളിക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിച്ചത്. യൂ ട്യൂബ് റേറ്റിംഗിലൂടെ കിട്ടുന്ന പണം നാടക കലാകാരന്മാരുടെ ക്ഷേമത്തിനായി ഉപയോഗിക്കും. സി.പി.ഐയുടെ കീഴിലുള്ള വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തനവും യൂ ട്യൂബ് ചാനൽ കേന്ദ്രീകരിച്ചായിരിക്കും നടക്കുക.
ആഗസ്റ്റ് ഒന്നിന് സ്വതന്ത്ര ആപ്പ്
കമ്മിറ്റികൾ ചേരുന്നതിനും ആശയ പ്രചാരണത്തിനുമായി ദേശീയ തലത്തിൽ മിക്ക രാഷ്ട്രീയ പാർട്ടികളും സൂം ഉൾപ്പെടെയുള്ള ആപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സ്വതന്ത്ര ആപ്പ് അവസാനഘട്ട പണിപ്പുരയിലാണ്. ആപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് ആദ്യ വാരത്തിൽ തന്നെയുണ്ടാകും. പാർട്ടിയുടെ രഹസ്യ സ്വഭാവമുള്ള യോഗങ്ങൾ കൂടുന്നതിന് സ്വതന്ത്ര ആപ്പ് തന്നെ വേണമെന്ന അഭിപ്രായമാണ് സി.പി.ഐയെ ഈ ആശയത്തിലേക്ക് എത്തിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദികൾ സമാന്തരമായി കൊണ്ടുപോകാനാണ് തീരുമാനം.
സ്‌മാർട്ട് വോളന്റിയർമാർ
പാർട്ടി പ്രചാരണത്തിനായി സ്‌മാർട്ട് വോളന്റിയർമാരേയും തയാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വാർഡ് തലത്തിലും ലോക്കൽ കമ്മിറ്റികളുടെ കീഴിലും പാർട്ടി കേഡർമാർക്ക് നൽകുന്ന പരീശീലനങ്ങൾ ഓൺലൈനായി ആരംഭിച്ച് കഴിഞ്ഞു. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർ സ്‌മാർട്ട് കേഡറുകൾ എന്നാകും അറിയപ്പെടുക. എല്ലാ വാർഡുകളിലെയും വോട്ടർമാരെ, സ്‌മാർട്ട് വോളന്റിയർമാരുടെ നേതൃത്വത്തിലായിരിക്കും സന്ദർശിക്കുക. വീടുകൾ കേന്ദ്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങൾ, സ്‌മാർട്ട് ഫോൺ എന്നിവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സ്‌മാർട്ട് കേഡർമാരുടെ കൈയിൽ കൃത്യമായി ഉണ്ടാകണം എന്ന നിർദേശവും നൽകും.
ഓൺലൈൻ ജാഥ, കമ്മിറ്റി, പഠന ക്ലാസ്
ദേശീയ കൗൺസിലിന്റെ നേതൃത്വത്തിൽ അഖിലേന്ത്യ ഓൺലൈൻ ജാഥ ഉടൻ ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുപ്പിച്ച് സംസ്ഥാന നേതൃത്വവും ജാഥകൾ നയിക്കും. പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസായ എം.എൻ സ്‌മാരകത്തിൽ ഓൺലൈൻ മീറ്റിംഗുകൾക്കുൾപ്പെടെ പ്രത്യേക സ്റ്റുഡിയോ ഉടൻ ആരംഭിക്കും. 14 ജില്ലാ കമ്മിറ്റി ഓഫീസുകളിലും സ്റ്റുഡിയോ ആരംഭിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അടിയന്തരമായി പാർട്ടിയുടെ സംസ്ഥാന കൗൺസിലോ എക്സിക്യൂട്ടിവോ ചേരേണ്ടി വന്നാൽ അംഗങ്ങൾക്ക് അതാത് ജില്ലകളിലെ സ്റ്റുഡിയോയിൽ ഇരുന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാവും.
എല്ലാ വർഷവും ജൂൺ, ജൂലായ് മാസങ്ങളിലാണ് സി.പി.ഐയുടെ പഠന ക്ലാസുകൾ നടക്കുന്നത്. കൊവിഡ് കാലമായതിനാൽ ഇക്കൊല്ലം പാർട്ടി ക്ലാസുകൾ നടന്നില്ല. ആഗസ്റ്റ് മാസത്തിൽ ഓൺലൈനിലൂടെ പാർട്ടി ക്ലാസുകൾ ആരംഭിക്കാനാണ് ആലോചന.
ഇ- വായന
സംസ്ഥാനത്തെ ഒന്നാം മന്ത്രിസഭയുടെ ചരിത്രം മുതലുള്ള പാർട്ടിയുടെ ലേഖനവും പുസ്‌തകങ്ങളുമെല്ലാം എം.എൻ സ്‌മാരകത്തിലെ ലൈബ്രറിയിലാണുള്ളത്. പ്രഭാത് ബുക്ക് ഹൗസുമായി ആലോചിച്ച് ഇ-ലൈബ്രറി ആരംഭിക്കാനും പുസ്‌തകങ്ങൾ ഓൺലൈനായി മാർക്കറ്റ് ചെയ്യാനും പാർട്ടി ആലോചിക്കുന്നുണ്ട്. പ്രതിമാസ വാരിക ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയും ഓൺലൈൻ വഴിയാക്കും.
മാസ്‌കുകൾ ഓൺലൈൻ വഴി
കെ.പി.എ.സിയിലെ കലാകാരന്മാരും ജീവനക്കാരും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ ആലപ്പുഴയിലെ നാടക ഓഫീസിൽ മാസ്‌കുകൾ തയ്ക്കുന്നതിന്റെ തിരക്കിലാണ്. ആഗസ്റ്റ് ഒന്ന് മുതൽ മാസ്‌കുകളുടെ ഓൺലൈൻ ഹോം ഡെലിവറി ആരംഭിക്കും.
4 നിർദേശങ്ങൾ
വരാൻ പോകുന്ന കാലം ഓൺലൈൻ മാദ്ധ്യമങ്ങളുടേതാണെന്നും കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പാർട്ടിയെ മാത്രമല്ല ഏത് പ്രസ്ഥാനത്തെയും ജനം തിരസ്‌കരിക്കുമെന്നുമാണ് പാർട്ടി നേതൃത്വം ഓൺലൈൻ പോരാളികളോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, പ്രതികരണങ്ങളിലുൾപ്പെടെ അതിരുവിട്ട് പോകരുതെന്നാണ് നിർദേശം.
ആ നാല് നിർദേശങ്ങൾ:
1. സി.പി.ഐയ്ക്ക് കേരള രാഷ്ട്രീയത്തിലുള്ള സംശുദ്ധി നവമാദ്ധ്യമങ്ങളിലും കാത്തുസൂക്ഷിക്കണം.
2. ഭാഷ നന്നായിരിക്കണം, മോശപ്പെട്ട ഒരു വാക്കുപോലും രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ഉപയോഗിക്കരുത്.
3. കൂട്ടായ സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ല.
4. രാഷ്ട്രീയം കൃത്യമായി പ്രചരിപ്പിക്കണം. ട്രോൾ ഉൾപ്പെടെയുള്ള അരാഷ്ട്രീയ പ്രചാരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കരുത്.