land

കോട്ടയം: പരുന്തുംപാറയിൽ കോടികൾ വിലയുള്ള സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന. ഒപ്പം ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും. വ്യാജമായി പട്ടയം ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും വ്യാജ പ്രമാണം ചമച്ചവർക്കെതിരെയും ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി വി.ആർ.രവികുമാർ, വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് റിപ്പോർട്ട് കൈമാറി.

രണ്ടുമാസം മുമ്പ് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നല്കിയിട്ടുള്ളത്. മൂന്നു പേരും പീരുമേട് വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ക്രമക്കേടുകൾ നടന്നത്. പീരുമേട് വില്ലേജിൽപ്പെട്ട 1.47 ഏക്കർ പട്ടയവസ്തുവിന്റെ അതിരുകൾ കാട്ടി കല്ലാർ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തു പലർക്കായി വീതിച്ച് വില്പന നടത്തിയിരുന്നു. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഭൂമി വാങ്ങിയവർ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കുകയായിരുന്നു. ഇതോടെയാണ് ക്രമക്കേട് പുറത്തായത്.

മൂന്നാറിലും വ്യാജ കൈവശരേഖ ചമച്ചു

മൂന്നാറിൽ വ്യാജ കൈവശരേഖ ഉണ്ടാക്കിയതിന് അഞ്ചു പേർക്കെതിരെയും വിജിലൻസ് ഡിവൈ.എസ്.പി രവികുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 25,000 മുതൽ 50,000 രൂപാ വരെ കൈക്കൂലി നല്കിയാണ് വ്യാജ പട്ടയ രേഖ ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018-2020 കാലയളവിലാണ് ഇത്തരത്തിൽ പട്ടയരേഖ ചമച്ചിട്ടുള്ളത്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങൾ.

മൂന്നര ഏക്കറിനായിരുന്നു രേഖയെങ്കിലും കോടികൾ വിലമതിക്കുന്ന 9 ഏക്കർ ഭൂമി സ്വന്തമാക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ചട്ടവിരുദ്ധമായി കൈവശാവകാശ രേഖ നല്കിയ ഡെപ്യൂട്ടി തഹസിൽദാർ അടക്കം 5 പേരെ കഴിഞ്ഞ മെയ് മാസത്തിൽ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു. സബ് കളക്ടർ കഴിഞ്ഞ ദിവസം നല്കിയ റിപ്പോർട്ടിൽ ഇവരെ കൂടാതെ 5 ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്.