covid

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ പാർപ്പിച്ച് ചികിത്സ നൽകുന്ന രീതി കേരളത്തിലും നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങൾ (പ്രോട്ടോക്കോൾ) തയ്യാറാക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. കേന്ദ്രത്തിന്റെ ഈ മാനദണ്ഡങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാനവും കരട് പ്രോട്ടോക്കോൾ തയ്യാറാക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും വീട്ടിൽ തന്നെ ചികിത്സിക്കാൻ കേന്ദ്ര സർക്കാരും ഐ.സി.എം.ആറും നേരത്തെ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയും വീട്ടിലെ ചികിത്സയ്ക്ക ശുപാർശ നൽകിയെങ്കിലും സർക്കാർ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെയാണ് സർക്കാർ ഇതേക്കുറിച്ച് ആലോചിക്കുന്നത്.

നിലവിൽ സംസ്ഥാനത്തെ 29 സർക്കാർ ആശുപത്രികളിലാണ് കൊവിഡ് ചികിത്സ നൽകുന്നത്. എന്നാൽ രോഗികളുടെ എണ്ണം കൂടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉൾപ്പെടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ പലയിടത്തും ആരോഗ്യപ്രവർത്തകരുടെ കുറവും സൗകര്യങ്ങൾക്ക് പരിമിതിയുമുണ്ട്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ 45 ശതമാനത്തിലും ലക്ഷണങ്ങളില്ല. 30 ശതമാനം പേർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. ഇത്തരക്കാർക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടെന്നും വീട്ടിലെ ചികിത്സ മതിയെന്നുമുള്ള നിലപാടാണ് വിദഗ്ദ്ധ സമിതിയുടേത്.

കരട് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ

 ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങളുള്ളതോ ആയ കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ നടത്താം.

 ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കം വരരുത്.

 24 മണിക്കൂറും രോഗിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് ഒരാളുടെ സേവനം ലഭ്യമാക്കണം.

 രോഗിയും രോഗിയുടെ കാര്യങ്ങൾ നോക്കുന്നവരും സുരക്ഷ ഉറപ്പാക്കണം.

 വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ സേവനം ഉറപ്പാക്കണം,​ ഏത് സമയത്തും ബന്ധപ്പെടാൻ ഫോൺ നമ്പർ ഉണ്ടാകണം.

 രോഗം മൂർച്ഛിക്കുന്ന സാഹചര്യമുണ്ടായാൽ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്താൻ ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തിന് ആംബുലൻസും വേണം

 10 വയസിന് താഴെയുള്ള കുട്ടികളെയും 65 വയസിന് മുകളിലുള്ളവർക്കുമായി റിവേഴ്സ് ക്വാറന്റൈൻ സംവിധാനം വേണം.

 രോഗിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ച് ദിവസവും ജില്ലാ സർവെയലൻസ് ഓഫീസറെ അറിയിക്കണം.

 ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തുന്നതും നല്ലതാണ്.

 മാനസിക സംഘർഷം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കണം.

 രോഗം പൂർണമായി ഭേദമായെന്ന ലാബ് റിപ്പോർട്ട് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷമേ വീട്ടിലെ ചികിത്സ അവസാനിപ്പിക്കാവൂ.