ആലപ്പുഴ: കൊവിഡ് വ്യാപനത്തിനിടെ മാതൃകപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീൻ അതിരൂപത. കൊവിഡ് രോഗികളുടെ മൃതഹേം ഇടവക സെമിത്തേരിയിൽ ദഹിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌ക്കാരം. അതിരൂപതയുടെ തീരുമാനം വിശ്വാസികളെ ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ അറിയിച്ചു. രൂപതയുടെ ഉത്തരവിനെ ജില്ലാ ഭരണകൂടം സ്വാഗതം ചെയ്‌തു.
ഇന്നലെ വൈകുന്നരേം അതിരൂപതയും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമെടുത്തത്. ഇന്ന് നാല് മണിയ്ക്കും ആറ് മണിയ്ക്കുമായി ഇന്നലെ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ഇത്തരത്തിൽ സംസ്‌കരിക്കും. ഇതിനായി വൈദികരുടെ ഒരു സംഘത്തെ തന്നെ രൂപത നിയോഗിച്ചിട്ടുണ്ട്.
ആലപ്പുഴയുടെ പല ഭാഗങ്ങളിലും മൃതദേഹത്തോടുള്ള എതിർപ്പും രൂക്ഷമായ വെള്ളക്കെട്ടും കാരണം മൃതദേഹം സംസ്‌കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പ്രോട്ടോക്കോൾ പാലിക്കാൻ രൂപതയെ സഹായിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.