ജെറുസലേം: ഇടക്കിടെ ഓരോ വിവാദമുണ്ടാക്കുന്ന ശീലം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്തമകൻ യെയിർ നെതന്യാഹു ഇതുവരെ മാറ്രിയിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ അച്ഛന് കട്ട സപ്പോർട്ട് കൊടുത്ത് യെയിർ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രമാണ് ഇത്തവണ കുഴപ്പമായത്.
ദുർഗാ ദേവിയുടെ ചിത്രത്തിൽ മുഖം മാറ്റി പകരം തന്റെ അച്ഛനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അഭിഭാഷകയുടെ മുഖം ചേർത്ത് യെയിർ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തു.ഈ ചിത്രത്തിൽ അശ്ളീലതയുമുണ്ടായിരുന്നു.യെയിരിന്റെ പോസ്‌റ്റ് കണ്ട ഇന്ത്യക്കാർ ശക്തമായി പ്രതിഷേധിച്ചു. യെയിരിന്റെ പോസ്‌റ്റിൽ പൊങ്കാലയിട്ടു അവർ.
ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരു ആക്ഷേപഹാസ്യ പേജിൽ നിന്നും ഷെയർ ചെയ്‌ത മീമാണിതെന്നും യെയിർ പറഞ്ഞുനോക്കി. വിവാദമായതിനാൽ പോസ്‌റ്റ് പിൻവലിച്ചെന്നും മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞെങ്കിലും ഇന്ത്യക്കാർ അടങ്ങിയില്ല. എന്നാൽ യെയിരിനെ പിന്തുണക്കുന്നവർ ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് അയാൾക്ക് അറിയില്ലായിരുന്നു എന്നും വാദിക്കുന്നുണ്ട്.
മുൻപ് മാദ്ധ്യമ പ്രവർത്തകയായ ഡാന വെയ്‌സ് ഉന്നത പദവിയിലെത്തിയതിനെ കുറിച്ചും അശ്ളീലം കലർന്ന ഭാഷയിൽ അഭിപ്രായ പ്രകടനം നടത്തിയതിന് യെയിർ മാപ്പ് പറഞ്ഞിരുന്നു. രണ്ട് വർഷം മുൻപ് ഇസ്ളാമിക മതവിശ്വാസികളെ അധിക്ഷേപിച്ചതിന് 2018ൽ ഫേസ്ബുക്ക് യെയിരിന്റെ പ്രൊഫൈൽ ഒരു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തട്ടിപ്പിനും, വിശ്വാസ വഞ്ചനക്കും കൈക്കൂലി വാങ്ങിയതിനും ജെറുസലേം കോടതിയിൽ കേസ് ആരംഭിച്ചത് മേയ് മാസത്തിലാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങളെ തളളിക്കളയുന്നു എന്നുമാണ് നെതന്യാഹു കേസിനെ കുറിച്ച് പ്രതികരിച്ചത്.