നയതന്ത്ര സ്വർണക്കടത്ത് സംബന്ധിച്ചുള്ള ഒരു ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ ന്യായീകരിക്കാനായി ഒരു കമ്മ്യൂണിസ്റ്റ് നേതാവ് രാമായണത്തെ കൂട്ടുപിടിക്കുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ നാണിച്ചുപോയി. സീതാദേവിയെ ശ്രീരാമൻ എന്തിനാണ് ഉപേക്ഷിച്ചത്? കേവലമായ ജനാപവാദം ഭയന്ന്. അതുപോലെ ആരോപണം പുറത്തുവന്നപ്പോൾത്തന്നെ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി തന്റെ കീഴിലുള്ള ഓഫീസിൽനിന്ന് പുറത്താക്കിയില്ലേ എന്നായിരുന്നു നേതാവിന്റെ പ്രതികരണം. പരിപാവനയായ സീതാദേവിയോടാണോ കള്ളക്കടത്തുകേസിലെ പ്രതിയെ ഉപമിക്കുന്നത് എന്ന ചാനൽ അവതാരകയുടെ ചോദ്യം കേട്ട് ചമ്മിയ അദ്ദേഹം ആശ്രിതവത്സലനായ മുഖ്യമന്ത്രിയെ മഹാബലിയുമായി ഉപമിക്കാൻ പറ്റിയില്ലല്ലോ എന്നാവും ആലോചിച്ചിട്ടുണ്ടാവുക.
'ഉദരനിമിത്തം ബഹുകൃതവേഷം' എന്ന ചൊല്ലിനെ അദ്ദേഹവും മറ്റനുയായികളും അന്വർത്ഥമാക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. എന്തുചെയ്യാം, അവർ അതും അറിയുന്നില്ല. രാമായണത്തിൽ എന്താണ് പറയുന്നത് എന്ന് മനസിലാക്കിയിട്ടുവേണമല്ലോ, അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്.
ആരാണ് യാഥാർത്ഥ പുരുഷൻ എന്ന വാല്മീകിയുടെ ചോദ്യത്തിന് നാരദമഹർഷി നൽകുന്ന ഉത്തരമാണ്. ശ്രീരാമൻ.
'ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ?" ധൈര്യം,വീര്യം,ശ്രമം,സൗന്ദര്യം,പ്രൗഢി,സത്യനിഷ്ഠ,ക്ഷമ,ശീലഗുണം,അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ ഈ ലോകത്ത്- എന്നായിരുന്നു വാല്മീകിയുടെ ചോദ്യം. അതിനു മറുപടിയായി നാരദൻ പറഞ്ഞുകൊടുത്തതാണ് രാമകഥ. നാരദൻ പറഞ്ഞതിൽ ഉൾപ്പെടാത്ത ഭാഗത്താണ് കാഞ്ചന സീതയുടെ കഥ വന്നുചേർന്നത്. ലങ്കയിൽനിന്ന് വീണ്ടെടുത്ത സീതാദേവിയെ അധികാരം ഉറച്ചപ്പോൾ വനത്തിലുപേക്ഷിക്കുന്ന ശ്രീരാമനെ ചിന്താവിഷ്ടയായ സീതയിലൂടെ മഹാകവി കുമാരനാശാൻ വരച്ചുകാണിച്ചിട്ടുണ്ട്. ഇതിഹാസത്തിൽ കാണുന്ന സീതാദേവി അത്ര കഠിനമായൊന്നും ചിന്തിക്കുന്നില്ല. വനത്തിലെ ഏകാന്തതയിലും രാമപാദങ്ങൾ ഭജിച്ചുകഴിയുന്ന സീതയാണ് ഇതിഹാസ പാഠങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അധികാരത്തിലേറി 12 വർഷമായപ്പോൾ ശ്രീരാമൻ അശ്വമേധയാഗം നടത്താൻ തീരുമാനിക്കുന്നു. അതിന് പത്നീസമേതനായി ചെയ്യേണ്ട ചില കർമ്മങ്ങളുണ്ട്. സീതാദേവി ഇല്ലാതെ അതെങ്ങനെ സാധിക്കും? മറ്റൊരു സ്ത്രീരത്നത്തെ സങ്കല്പിക്കാൻകൂടി ശ്രീരാമന് കഴിയില്ല. അക്കാലത്തെ ഉപദേശകനായ വസിഷ്ഠമഹർഷി ഒരുപായം ചൊല്ലിക്കൊടുത്തു. സീതയുടെ സ്വർണപ്രതിമ നിർമ്മിച്ച് വാമഭാഗത്ത് പ്രതിഷ്ഠിക്കുക. ശ്രീരാമൻ അപ്രകാരം ചെയ്തു. അശ്വമേധയാഗത്തിന് പ്രതീക്ഷിച്ചതിലുമപ്പുറം ഫലപ്രാപ്തിയും ഉണ്ടായി. ഇവിടെയാണ് സംശയത്തിന്റെ അമ്പ് മുളയ്ക്കുന്നത്. 'സ്വർണസ്വപ്ന'യെ മുഖ്യമന്ത്രിയുടെ ലാവണത്തിൽ പ്രതിഷ്ഠിക്കാൻ ഉപദേശിച്ചതാരാവും? ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ അതിന്റെ ഉത്തരം. ശിവശങ്കർ എന്ന കൺഫേഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ തലയിൽ മാത്രം ഉദിച്ച ബുദ്ധി ആയിരിക്കില്ല അത്. "മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"എന്ന ശ്ലോകം നമ്മുടെ മുഖ്യമന്ത്രിയുടെ ഉപദേശകരത്നങ്ങൾ എഴുതിത്തുടങ്ങിയിട്ടുണ്ടാവും. അതായിരുന്നല്ലോ രാമായണത്തിന്റെ നാന്ദിശ്ലോകം. ഇവിടെയും വീണുകിടക്കുകയാണ് ഒരു ക്രൗഞ്ചപ്പക്ഷി.
രാമൻ ജന്മനാ സത്ഗുണ സമ്പന്നനാണെങ്കിലും രാമായണം എഴുതിയ വാല്മീകിയുടെ കഥ അങ്ങനെയല്ല. കൊള്ളക്കാരനായിരുന്നു വാല്മീകി. രത്നാകരൻ എന്നായിരുന്നു പേര്. പിടിച്ചുപറി തൊഴിലാക്കിയ രത്നാകരൻ ഒരുനാൾ ഭാര്യയോട് ചോദിച്ചു: ഞാൻ ചെയ്യുന്ന പാപങ്ങളുടെ പങ്ക് നീയും മക്കളും പങ്കിടില്ലേ എന്ന്. പോ മനുഷ്യാ പോയി പണി നോക്ക്, നിങ്ങൾ കൊണ്ടുവരുന്ന സമ്പത്ത് മാത്രമേ സ്വീകരിക്കാറുള്ളൂ, പാപങ്ങളുടെ ഫലം നിങ്ങൾ തന്നെ അനുഭവിക്കണം.- എന്നായിരുന്നു ഭാര്യയുടെ മറുപടി. ഇടിവെട്ടിയവനെ പാമ്പുകടിച്ചപ്പോൾ കിട്ടിയ വെളിച്ചമായിരുന്നു അത് രത്നാകരന്. കഠിന തപസിലേക്കുള്ള വഴി തുറന്നുകിട്ടിയത് അങ്ങനെയാണ്. നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും എന്നും രത്നാകരന്മായി ജീവിക്കാനാണോ ആഗ്രഹിക്കുന്നത്. അവർക്കും വേണ്ടതല്ലേ, വനവാസവും ധ്യാനവും തപസുമെല്ലാം. ചിതൽപ്പുറ്റ് കൊഴിഞ്ഞ് ജയിലഴിക്കുള്ളിലാവുന്ന നേതാക്കൾക്കും പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ.
രാമായണത്തിൽ മാത്രമല്ല, ബൈബിളിലും ഖുറാനിലുമെല്ലാം ഇത്തരം സമാനസന്ദർഭങ്ങൾ വായിച്ചെടുക്കാവുന്നതാണ്. മുഹമ്മദ് നബിക്ക് മുമ്പേവന്ന പ്രവാചകനാണ് ഇബ്രാഹിം നബി. ക്രിസ്തുമതവിശ്വാസികൾ അബ്രഹാം എന്ന് പറയും. അദ്ദേഹത്തിന് വാർദ്ധക്യത്തിലുണ്ടായ മകനാണ് ഇസ്മായിൽ. ഇസ്മായിലിനെയും അമ്മയായ ഹാജിറയെയും മക്കയിലെ ഒരു മരുഭൂമിയിൽ ദൈവത്തിന്റെ ആജ്ഞ അനുസരിച്ച് ഇബ്രാഹിം നബി ഉപേക്ഷിക്കുന്നു. കുഞ്ഞിന്റെ ദാഹമകറ്റാൻ ഹാജിറ രണ്ട് കുന്നുകൾക്കിടയിൽ ഓടിനടന്ന് കരഞ്ഞ് പ്രാർത്ഥിച്ചു. കുഞ്ഞ് കൈകാലിട്ടടിച്ച സ്ഥലത്ത് പെട്ടെന്ന് ഉറവപൊട്ടി വിശുദ്ധജലം ഉണ്ടാകുന്നു. സംസം എന്നാണ് ആ ഉറവയുടെ പേര്. മക്കയിൽ പോകുന്നവർ പുണ്യത്തിന്റെ ഔഷധജലം കൊണ്ടുവരുന്നത് അവിടെനിന്നാണ്. ഈ കുട്ടിയെയും അമ്മയെയും കുടിവെള്ളം തേടി എത്തിയ വ്യാപാരികൾ മക്കയുടെ ജനവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. കുറേ വർഷങ്ങൾക്കുശേഷം ഇബ്രാഹിം നബി അവരെ തേടിയെത്തുന്നു. ഒരു ദിവസം ആ പിതാവിന് ഒരു സ്വപ്നദർശനം ഉണ്ടായി. മകനെ പിതാവ് ബലികൊടുക്കുന്നതായിരുന്നു ആ സ്വപ്നം. ഇബ്രാഹിം നബി മകനെ ബലികൊടുക്കാനായി മലമുകളിലേക്കു പോകുന്നു. മലമുകളിൽവച്ച് വീണ്ടും വെളിപാടുണ്ടായി - മകനെ ബലികൊടുക്കേണ്ടതില്ല, പകരം ഒരാടിനെ ബലി കൊടുത്താൽ മതിയെന്ന്. ദൈവത്തിന്റെ അരുളപ്പാട് ഇബ്രാഹിം നബി സ്വീകരിച്ച് നടപ്പിലാക്കുന്നു. ഈ ദിനത്തിന്റെ ഓർമ്മപുതുക്കലാണ് ബലിപെരുന്നാൾ. ജൂലായ് 31നാണ് ഈ വർഷത്തെ ബലിപെരുന്നാൾ.
മതങ്ങൾക്കും ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഒരു കുറവുമില്ലാത്ത നാടാണ് ഭാരതം. കമ്മ്യൂണിസ്റ്റുകാരും ഇപ്പോൾ അവയുടെ മഹത്വങ്ങളെക്കുറിച്ച് വാതോരാതെ വാഴ്ത്തുന്നുണ്ട്. എന്നിട്ടും എന്തേ ഇത്രയധികം തരികിടകൾ നമ്മുടെ നാട്ടിൽ കൊടിവച്ച് വാഴുന്നു? ബലികൊടുക്കലും പുണ്യം നേടലുമെല്ലാം ലോകാരംഭംമുതലുള്ള ചരിത്രത്തിൽ വായിക്കാവുന്നതാണ്. അത് വെറും ഉപചാരത്തിനായി മാത്രം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണോ? എങ്കിലും എന്റെ റബ്ബേ, ഈ കാണുന്ന മനുഷ്യേന്മാർ കാട്ടുന്ന കൈവിട്ട കളികൾ റബ്ബുൽ ആലമീനായ തമ്പുരാൻപോലും പൊറുക്കുന്നതല്ല.