മുംബയ്: കൊവിഡ് പിടിച്ചുനിർത്തുന്നതിൽ മുംബയ് മാതൃക പ്രശംസ പിടിച്ചു പറ്റുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള പ്രദേശം എന്ന ചീത്തപേരാണ് കഠിന പ്രയത്നത്തിലൂടെ മുംബയ് മറികടക്കുന്നത്. ഇതിനായി സർക്കാരും വിവിധ സന്നദ്ധ സംഘടനകളും കൊവിഡ് വ്യാപന പ്രദേശങ്ങളിൽ സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുംബയിൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടന്നതും കുറവ് പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയതും കഴിഞ്ഞ ദിവസമായിരുന്നു. ഏതാണ്ട് ഒമ്പതിനായിരത്തിന് അടുത്ത് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് തിങ്കളാഴ്ച നടത്തിയ 8,776 ടെസ്റ്റുകളിൽ നിന്ന് 700 ഓളം സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു. ഇത് കഴിഞ്ഞ 100 ദിവസത്തിലെ പോസിറ്റീവ് കേസുകളിലെ ഏറ്റവും താഴ്ന്ന കണക്കാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബയുടെ നിലവിലെ രോഗമുക്തി നിരക്ക് 73 ശതമാനമാണ്. ജൂലായ് 20 മുതൽ ജൂലായ് 26 വരെ മുംബയിലെ കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 1.03 ശതമാനമാണ്. അതേസമയം തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 7,924 കേസുകളും 227 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.
മുംബയിൽ ഇതുവരെ 6,132 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,10,182 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 21,812 കേസുകൾ മാത്രമാണ് സജീവ കേസുകൾ. അയൽ പ്രദേശമായ താനെയിൽ 34,471 സജീവ കേസുകളും പൂനെയിൽ 48,672 സജീവ കേസുകളുമുണ്ട്. പകർച്ചവ്യാധിയുടെ ആദ്യ മൂന്ന് മാസങ്ങളിൽ മുംബയ് രാജ്യത്തെ ഏറ്റവും വലിയ ദുരിതബാധിത നഗരമായിരുന്നു.
അതേസമയം കൊവിഡ് ഇനിയും വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ അധികൃതർ കർശന ജാഗ്രതയാണ് പുലർത്തുന്നത്. മുംബയിലെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധരവിക്ക് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞുവെന്നത് അത്ഭുതകരമാണ്. പ്രദേശത്ത് ഇപ്പോൾ 98 സജീവ കേസുകളാണുള്ളത്. തിങ്കളാഴ്ച ഒമ്പത് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ധാരവിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 2,540 ആണ്.