ലണ്ടൻ: ബ്രിട്ടനിൽ ആദ്യമായി വളർത്ത് പൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് വളർത്തുമൃഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പൂച്ചയ്ക്ക്, ഉടമയിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്നാണ് ലഭ്യമായ വിവരം.
കൊവിഡ് സ്ഥിരീകരിച്ച ഉടമയും പൂച്ചയും സുഖം പ്രാപിച്ചെന്നും ഇവരിൽ നിന്ന് വീട്ടിലെ മറ്റാളുകൾക്കോ മൃഗങ്ങൾക്കോ കൊവിഡ് പടർന്നിട്ടില്ലെന്നും വ്യക്തിയുടെ പേരുവിവരം പുറത്തുവിടാതെ മന്ത്രാലയം വ്യക്തമാക്കി.
‘ബ്രിട്ടനിൽ കൊവിഡ് ഒരു വളർത്തുമൃഗത്തിൽ പോസിറ്റീവ് ആകുന്ന ആദ്യ സംഭവമാണിത്. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ല.' ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ യൊവോൺ ഡോയ്ൽ പറഞ്ഞു.
ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് പൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്നതിന് തെളിവുകളില്ലെന്നും ഡോയ്ൽ വ്യക്തമാക്കി. 'ഇത് വളരെ അപൂർവമായ സംഭവമാണ്, രോഗം ബാധിച്ച മൃഗങ്ങളിൽ ക്ലിനിക്കൽ അടയാളങ്ങൾ കാണിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്യുന്നു.' - അധികൃതർ പറയുന്നു.
പൂച്ചയിൽ നിന്ന് മനുഷ്യന് കൊവിഡ് അണുബാധയുണ്ടാകാനുള്ള സാദ്ധ്യത അന്വേഷിക്കും. വളർത്തുമൃഗങ്ങളിൽ കൊവിഡ് അപകടകരമാകാൻ സാദ്ധ്യത വളരെക്കുറവാണ്.
-ലോകാരോഗ്യ സംഘടന