ലാഹോർ: ലാഹോറിലെ പുരാതനമായ സിക്ക് ഗുരുദ്വാര, മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള പാക്കിസ്ഥാൻ നീക്കത്തിനെതിരെ ഇന്ത്യ. ഗുരുദ്വാര, മുസ്ലിം ആരാധനാലയമാക്കി മാറ്റാനുള്ള നടപടി, പാകിസ്ഥാൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകളെ തുടർന്ന് വിഷയത്തിൽ ശക്തമായ എതിർപ്പ് പാക് ഹൈക്കമ്മിഷനെ ഇന്ത്യ അറിയിച്ചു.
ലാഹോറിലെ നൗലാഖ ബസാറിലുള്ള ഭായി തരു സിംഗ്ജിയുടെ രക്തസാക്ഷി സ്മാരകമായ ഗുരുദ്വാര ശഹീദി ആസ്ഥാനാണ് മുസ്ലീം പള്ളിയാക്കി മാറ്റാൻ പാകിസ്ഥാൻ നീക്കം നടത്തുന്നത്. മസ്ജിദ് ശഹീദ് ഗഞ്ജ് ആണെന്ന് വാദമുന്നയിച്ചാണ് പാകിസ്ഥാൻ നീക്കം നടത്തുന്നതെന്നും ഇതിനെ ഇന്ത്യ ശക്തമായി അപലപിച്ചെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
1745 ൽ ഭായി തരു സിംഗ്ജി ജീവത്യാഗം ചെയ്ത സ്ഥലമാണ് പിന്നീട് ഗുരുദ്വാരയായത്. ചരിത്രപരമായി പ്രധാന്യമുള്ള ശഹീദി ആസ്ഥാൻ പരിപാവനമായ ഇടമായാണ് സിഖ് മതസ്ഥർ കണക്കാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യ അതീവ ആശങ്കയിലാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ ന്യൂനപക്ഷവിഭാഗമാണ് സിക്കുകാർ. അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണ് ഈ നീക്കമെന്നും ഇതിനെതിരെ പ്രധാനമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇമ്രാൻ ഖാനെ ടാഗ് ചെയ്ത് അകാലിദൾ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ ട്വീറ്റ് ചെയ്തു. സിഖ് ന്യൂനപക്ഷവിഭാഗത്തിന്റെ സുരക്ഷ, ക്ഷേമം എന്നിവ കൂടാതെ മതപരമായ അവകാശങ്ങളും സംസ്കാരവും സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് പ്രത്യേക ആവശ്യം ഉന്നയിച്ചതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി.