കർണാടകയിലെ കണ്ട്കൂർ ഗ്രാമത്തിൽ നടക്കുന്ന നാഗപഞ്ചമി ദിനാഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. കൊച്ചുകുട്ടികളുടെയടക്കം മുഖത്തും തലയിലും തേളുകളെ കടത്തിവിടുന്ന ആചാരമാണ് ഇവിടത്തെ പ്രത്യേകത. തേളുകളുടെ അനുഗ്രഹം തേടി വർഷംതോറും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരികയാണ്.
കൊണ്ടമ്മായിയെന്ന ദേവിയെ പ്രീതിപ്പെടുത്താനാണ് തേളുകളെ ഉപയോഗിച്ചുള്ള പ്രാർത്ഥന. കുട്ടികളുടെ തലയിൽകൂടി തേളുകളെ കടത്തിവിടുമ്പോൾ മുതിർന്നവർ അവരുടെ മുഖത്തുകൂടിയും മറ്റും ഇവയെ കടത്തിവിടും. ചിലർ തേളുകളെ വായിലിടുകയും ചെയ്യും. ഐശ്വര്യത്തിനും ആരോഗ്യത്തിനും സമൃദ്ധിക്കുമായാണ് ഈ ചടങ്ങുകൾ നടത്തുന്നത്.
സാരികളും തേങ്ങകളും മറ്റും നേദിക്കുന്നവരും ധാരാളമുണ്ട്. ക്ഷേത്രത്തിൽ നിവേദ്യം അർപ്പിച്ചശേഷം മടങ്ങുന്നവരാണ് തേളുകളെ കണ്ടെത്തി പ്രത്യേക പൂജ നടത്തുന്നത്. തേളുകളെ ശരീരത്തിൽക്കൂടി കടത്തിവിടുന്നതോടെ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും അതവരെ അപകടങ്ങളിൽനിന്ന് രക്ഷിക്കുമെന്നുമാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നതിനിടെ ആരെയെങ്കിലും തേളുകുത്തിയതായോ വിഷബാധയേറ്റ് ആരെങ്കിലും മരിച്ചതായോ കേട്ടിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു.