കോലാലംപൂർ: ലോകത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിൽ ഒന്നായി കണക്കാക്കുന്ന മലേഷ്യ വൺഎംഡിബി (1MDB) കുംഭകോണത്തിൽ മലേഷ്യൻ മുൻപ്രധാനമന്ത്രി നജീബ് റസാഖ് കുറ്റക്കാരനെന്ന് കോടതി. മലേഷ്യയുടെ പൊതുവികസന ഫണ്ടായ വൺ മലേഷ്യ ഡെവലപ്‌മെന്റ് ബെർഹാദിൽ നിന്ന് 4.5 ബില്യൺ യു.എസ് ഡോളർ (7400 കോടിരൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ നജീബ്, അപ്പീൽ നൽകുമെന്ന് പ്രതികരിച്ചു.
അധികാര ദുർവിനിയോഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 67 വയസുകാരനായ നജീബിന് എതിരെ ചുമത്തിയിട്ടുള്ളത്. നജീബിന് എതിരെയുള്ള ഏഴ് കുറ്റങ്ങൾ കോടതി ശരിവച്ചു. ഇതേ വിഷയത്തിൽ അഞ്ച് കേസുകളിലായി 42 കുറ്റങ്ങൾ നജീബിന് എതിരെയുണ്ട്.
വിവാദത്തിൽപ്പെട്ട് 2018ൽ നജീബിന്റെ മലായ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായി.നജീബിന് എതിരെ ആദ്യം ശബ്ദമുയർത്തിയ ഉപപ്രധാനമന്ത്രി മുഹ്‌യുദ്ദീൻ യാസീൻ ആണ് ഇന്നത്തെ പ്രധാനമന്ത്രി.
വൺഎംഡിബി
നജീബി റസാഖിന്റെ നേതൃത്വത്തിൽ 2009ലാണ് വൺഎംഡിബി എന്ന പേരിൽ ഫണ്ട് രൂപീകരിക്കുന്നത്. മലേഷ്യയുടെ സാമ്പത്തികപുരോഗതിക്ക് വേണ്ടിയായിരുന്നു ഇത്. നജീബ് ഇത് വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം. യു.എസ് അന്വേഷണ ഏജൻസികളുടെ കണക്കിൽ ഏതാണ്ട് 7400 കോടിരൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.നജീബിന്റെ ഭാര്യയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും അഴിമതി നടത്തി. ഹോളിവുഡ് സിനിമ നിർമ്മാണം, ആഢംബര കെട്ടുവള്ളങ്ങൾ, കലാസൃഷ്ടികൾ, ആഭരണങ്ങൾ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് പണം ഉപയോഗിച്ചത്. നജീബിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ മാത്രം 700 ദശലക്ഷം യു.എസ് ഡോളർ എത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.