ന്യൂഡൽഹി : പലചരക്ക്, ഗാർഹിക സാധനസാമഗ്രികൾക്ക് ഇനി മുതൽ 90 മിനിട്ട് ഡെലിവറി സംവിധാനമൊരുക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്.
ഇ - കൊമേഴ്സ് മേഖലയിൽ ആമസോണിനെതിരെ ശക്തമായ വളർച്ച ലക്ഷ്യമിട്ടാണ് ഫ്ലിപ്കാർട്ടിന്റെ നീക്കം. ഫ്ലിപ്കാർട്ടിന്റെ ഹൈപ്പർലോക്കൽ സർവീസ് ആയ ഫ്ലിപ്കാർട്ട് ക്വിക്ക് വഴിയാണ് പലചരക്ക് സാധനങ്ങളും ഒപ്പം മൊബൈൽ ഫോണുകളും സ്റ്റേഷനറി സാധനങ്ങളും ഉൾപ്പെടെയുള്ളവ ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്.
ഫ്ലിപ്കാർട്ട് ക്വിക്ക് എന്ന് മുതൽ നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. അതേ സമയം, ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഫ്ലിപ്കാർട്ട് ക്വിക്ക് ആദ്യമായി അവതരിപ്പിക്കുക. നിലവിലെ ദ്രുതഗതിയിലുള്ള ഡെലിവറി സേവനങ്ങളെക്കാൾ മുന്നിലെത്താനും ആമസോൺ, ആലിബാബ ഗ്രൂപ്പിന്റെ ബിഗ്ബാസ്ക്കറ്റ് എന്നിവയെ പിന്തള്ളാനുമാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം.
ആമസോണിനും ബിഗ്ബാസ്ക്കറ്റിനും നിലവിൽ പലചരക്ക് സാധനങ്ങളുടെ ക്വിക്ക് സർവീസ് ഡെലിവറികളുണ്ട്. മുകേഷ് അംബാനിയുടെ ജിയോമാർട്ടിനെയും കടത്തിവെട്ടുകയാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം. കൊവിഡ് 19 ലോക്ക്ഡൗൺ വന്നതോടെ ഇന്ത്യയിൽ നിരവധി പേരാണ് പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വാങ്ങിയത്. പലചരക്ക് സാധനങ്ങൾ കൂടാതെ ഫോണുകളും മറ്റ് സാധനങ്ങളും ക്വിക്ക് ഡെലിവറി സർവീസിൽ ഉൾപ്പെടുത്തുന്നത് ഫ്ലിപ്കാർട്ടിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.