ജറുസലേം: ഹിന്ദു മതവിക്രാരം വ്രണപ്പെടുത്തും വിധമുള്ള ട്വീറ്റിട്ടതിൽ മാപ്പു പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകൻ യായിർ. കഴിഞ്ഞ ഞാറാഴ്ചയാണ് 29കാരനായ യായിർ തന്റെ ട്വിറ്റർ പേജിൽ ഒരു ചിത്രം പങ്കുവച്ചത്. ദുർഗാദേവിയുടെ പടത്തിൽ ദേവിയുടെ തലയ്ക്കു പകരം നെതന്യാഹുവിന്റെ അഴിമതി കേസുകളുടെ പബ്ളിക് പ്രോസിക്യൂട്ടർ ലിയാത്ത് ബെൻ ആരിയുടെ മുഖമായിരുന്നു. കൈകളിൽ അശ്ളീല ആംഗ്യവും സൂപ്പർ ഇംപോസ് ചെയ്തിരുന്നു. ദുർഗാദേവിയുടെ വാഹനമായ കടുവയുടെ മുഖം അവിടുത്തെ അറ്റോർണി ജനറൽ അവിചായ് മാണ്ഡബിറ്റിന്റേതായിരുന്നു. 'നിങ്ങളെ വെറുക്കുന്നവരിൽ നിങ്ങളുടെ ഇടം എവിടെയാണെന്ന് മനസിലാക്കൂ' എന്ന അടിക്കുറിപ്പും. ട്വീറ്റ് വൻ വിവാദമായി. ഇതോടെയാണ് ക്ഷമാപണവുമായി യായിർ രംഗത്തെത്തിയത്. 'ഞാൻ ട്വീറ്റ് ചെയ്ത ചിത്രം ഇസ്രായേലിലെ രാഷ്ട്രീയക്കാരെ ആക്ഷേപിക്കുന്ന മറ്റൊരു ആക്ഷേപഹാസ്യ പേജിൽ നിന്ന് എടുത്തതാണ്. അത് ഹിന്ദു ദൈവത്തിന്റെ ചിത്രമാണെന്ന് അറിയില്ലായിരുന്നു. എന്റെ ചില ഹിന്ദു സുഹൃത്തുക്കൾ ഇതു വിളിച്ച് ശ്രദ്ധയിൽപ്പെടുത്തിയതോടെ ആ ചിത്രം ഞാൻ മാറ്റി. എന്റെ ക്ഷമാപണവും അറിയിക്കുന്നു' എന്നാണ് യായിറിന്റെ ട്വീറ്റ്.