kauthukam

പുരാതനമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ജീവിത രീതികൾ എന്നിവയെക്കുറിച്ചൊക്കെ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. മനുഷ്യ മാംസം പോലും പച്ചയ്‌ക്കുതിന്നുന്ന ഒരു കൂട്ടരുണ്ട്. ഇന്തോനേഷ്യയിലെ വെസ്റ്റ് പാപ്പുവ വനാന്തരങ്ങളിൽ താമസിക്കുന്ന കൊറോവായി ഗോത്രവർഗക്കാർ.

ഇറ്റാലിയൻ ഫോട്ടോ ജേണലിസ്റ്റായ ഗിയാൻലുൻക ചിയോഡിനി, നിരവധി ദിവസങ്ങൾ ചെലവഴിച്ച് ദൂരൂഹത നിറഞ്ഞ കൊറോവായികളുടെ ജീവിതം കാമറയിൽ പകർത്തിയതോടെയാണ് ഇക്കാര്യങ്ങൾ പുറത്തറിയുന്നത്.ലോകത്തിലെ ഏറ്റവും വ്യത്യസ്‌തമായ ആദിവാസിവിഭാഗമാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. 1970 വരെ പുറം ലോകം അറിയാതെ കാടുകളിൽ അദൃശ്യരായിട്ടാണ് ഇവർ കഴിഞ്ഞിരുന്നത്.

പേരിന് മാത്രമാണ് ഇവർക്ക് വസ്ത്രം. ജീവനുള്ള എന്തിനെയും വേട്ടയാടി പച്ചയ്ക്ക് കഴിക്കും. അസുഖം വന്നാൽ പാരമ്പര്യ പച്ചമരുന്നുകളെ മാത്രമാണ് ഇവർ ആശ്രയിക്കുക. ഇവർക്ക് ഏറ്റവും ഇഷ്ടം മനുഷ്യമാംസമാണ്! മാനംമുട്ടെ ഉയരമുള്ള മരത്തിന് മുകളിൽ വീട് വച്ചാണ് ഇവർ താമസിക്കുന്നത്. ആറുമുതൽ 12 മീറ്റർ വരെ ഉയരത്തിലാണ് സാധാരണ കൊറൊവായ് വീടുകൾ നിർമിക്കുന്നത്. ചില വീടുകൾക്ക് തറ നിരപ്പിൽ നിന്ന് 35 മീറ്റർ വരെ ഉയരമുണ്ടാകും.

നല്ല ഉറപ്പുള്ള ഒരു മരം കണ്ടെത്തിയ ശേഷം മുകൾ ഭാഗം മുറിച്ച് നീക്കുന്നു. എന്നിട്ട് ഇതിന് മുകളിൽ ശിഖരം ഉപയോഗിച്ച് തറ നിർമിക്കും. അതിനുശേഷം സാഗോ പനയോല ഉപയോഗിച്ച് തറയുടെ മുകൾ ഭാഗം മോടി പിടിനപ്പിക്കുന്നു. ചുമരും, മേൽക്കൂരയും ഇതേ പനയോല ഉപയോഗിച്ച് മറയ്ക്കുന്നു. മര കോവണിയാണ് വീട്ടിലേയ്ക്ക് കയറാനുള്ള വഴി. വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ മാത്രമല്ല , പ്രേത, പിശാചുക്കളിൽ നിന്നും, പുറംലോകത്തിന്റെ കണ്ണിൽപ്പെടാതിരിക്കാനും ഈ വീടുകൾ അവരെ സഹായിക്കുന്നു. വീടിന്റെ ഒരു ഭാഗം പുരുഷൻമാർക്കും മറു ഭാഗം സ്ത്രീകൾക്കുമായാണ് ക്രമീകരിക്കുന്നത്.

വെളുത്ത മനുഷ്യർ പ്രേതങ്ങളാണെന്നാണ് കൊറോവായികളുടെ വിശ്വാസം. അതിനാൽ അത്തരക്കാരെ കൂട്ടമായി വേട്ടയാടി പച്ചയ്ക്ക് കഴിക്കും. പതിനായിരം വർഷം പഴക്കമുള്ള ഇവരുടെ ആഭിചാര ക്രിയകളുടെ ഭാഗമാണിത്. ഖഖുവ എന്ന പ്രേതത്തിൽ നിന്ന് കൂട്ടത്തിലുള്ളവരെ രക്ഷിക്കാനായി മന്ത്രതന്ത്ര വിദ്യകൾ പ്രയോഗിക്കാറുണ്ട്. ഖഖുവ വേഷം മാറിയതായി തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവരെ കൊന്നുതിന്നാനും ഇവർക്ക് മടിയില്ല!