
വെഞ്ഞാറമൂട്: ദേവസ്വം ബോർഡിന്റെ നെല്ലനാട്, ആലന്തറ ശ്രീ ധർമ്മശാസ്താ ക്ഷേത്രം വികസനത്തിനായി കൈകൂപ്പുന്നു. മൂന്ന് ഏക്കറുണ്ടായിരുന്ന ക്ഷേത്രത്തിന് ഇപ്പോഴുള്ളത് 1.92 ഏക്കർ മാത്രം. വെഞ്ഞാറമൂട് ജംഗ്ഷന് സമീപം സംസ്ഥാന പാതയ്ക്ക് സമാന്തരമായുള്ള ക്ഷേത്ര വസ്തുവകകൾ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളത്തിന്റെ പകുതിയോളം മണ്ണൊലിപ്പിൽ മൂടിപ്പോയി. കാടുകയറിയ കുളത്തിന്റെ പരിസരം ഇഴജന്തുക്കളുടെ താവളവുമായി.
1998 ൽ നിർമ്മിച്ച ചുറ്റമ്പലത്തിന്റെ കോൺക്രീറ്റും മേൽക്കൂരയും തകർച്ചയിലാണ്. 2004 ൽ പെയിന്റിംഗ് ചെയ്തതൊഴിച്ചാൽ മറ്റൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. അയ്യപ്പഭക്തരുടെ ഇടത്താവളമായ ഇവിടെ അവർക്കായി പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. ക്ഷേത്ര ജീവനക്കാർക്കായി ടോയ്‌ലെറ്റ് സൗകര്യം പോലും ഒരുക്കിയിട്ടില്ല.
മതിയായ സുരക്ഷയില്ലാതായതോടെ ക്ഷേത്ര ആൽത്തറയും പരിസരവും മദ്യപാനികളുടെ താവളമായി. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ഓഫീസിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു. 1993ൽ ക്ഷേത്രത്തോടനുബന്ധിച്ചുള്ള 30 സെന്റിൽ തുടങ്ങിയ നക്ഷത്രവനം ഇപ്പോൾ കാട് കയറിയ നിലയിലാണ്. ക്ഷേത്രത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശകസമിതി ദേവസ്വം ബോർഡിന് നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
.
ആലന്തറ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
ക്ഷേത്രത്തിന് മുമ്പ് ഉണ്ടായിരുന്ന ഭൂമി- 3 ഏക്കർ
ഇപ്പോഴുള്ളത്- 1.92 ഏക്കർ
ഭൂമിയിലധികവും തരിശ്
നക്ഷത്രവനമുള്ളത്- 30 സെന്റിൽ
നക്ഷത്രവനം സ്ഥാപിച്ചത്- 1993 ൽ
ചുറ്റമ്പലം നിർമ്മിച്ചത്- 1998 ൽ
'ദേവഹരിതം പദ്ധതിയുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ആവശ്യപ്പെടുന്ന സഹായങ്ങൾ പഞ്ചായത്ത് ചെയ്ത് കൊടുക്കും".
- സുജിത് എസ്. കുറുപ്പ്,
പ്രസിഡന്റ്,നെല്ലനാട് ഗ്രാമപഞ്ചായത്ത്.
'നാടിന്റെ മുഖമുദ്രയായ ആലന്തറ ശാസ്താ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ദേവസ്വം ബോർഡിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം".
- കോലിയക്കോട് മോഹനൻ.
രക്ഷാധികാരി, ഹിന്ദു ഐക്യവേദി
'ക്ഷേത്രത്തിന്റെ നവീകരണത്തിനും വികസന പ്രവർത്തനങ്ങൾക്കും ദേവസ്വം ബോർഡ് അടിയന്തര തീരുമാനമെടുക്കണം".
- അഭിലാഷ്.
സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതി.
'ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ ദേവസ്വം ബോർഡ് സ്വീകരിക്കണം".
പവനൻ .
- പ്രസിഡന്റ്, ക്ഷേത്ര ഉപദേശക സമിതി