തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആശങ്കപ്പെടുത്തുന്നതാണെന്ന് സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്‌പീക്കറുമായ വി.ശശി പറഞ്ഞു. ആശങ്കയുടെ നാളുകൾ ഒഴിഞ്ഞിട്ടില്ലെന്ന സൂചനയാണിത്. കടുത്ത നിയന്ത്രണത്തിലൂടെയും പ്രതിരോധത്തിലൂടെയും മാത്രമേ കൊവിഡ് എന്ന മഹാമാരിയിൽ നിന്ന് കരകയറാനാകൂ. അദ്ദേഹം 'കേരളകൗമുദി ഫ്ളാഷി'നോട് സംസാരിക്കുന്നു:
ആറ് പഞ്ചായത്തുകളിൽ രോഗബാധ
എട്ട് പഞ്ചായത്തുകൾ ഉള്ളതിൽ ആറിടത്തും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് അറുന്നൂറോളം രോഗികളാണ് നിലവിൽ മണ്ഡലത്തിലുള്ളത്. ഇവർക്കെല്ലാം തന്നെ മികച്ച ചികിത്സയാണ് ലഭ്യമാക്കി വരുന്നത്. തീരദേശ മേഖലയിലെ രോഗവ്യാപന സാദ്ധ്യത ഏറുന്നത് ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം, മംഗലപുരം, മുദാക്കൽ പഞ്ചായത്തുകളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. കിഴുവിലം പഞ്ചായത്തിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ കഠിനംകുളം, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലാണ് രോഗബാധ ഏറ്റവും രൂക്ഷം. തീരപ്രദേശത്ത് രോഗം പടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ആശുപത്രികൾ സജ്ജം
കൊവിഡിനെ നേരിടാൻ ആശുപത്രികൾ എല്ലാം തന്നെ പൂർണമായും സജ്ജമാണ്. രോഗം റിപ്പോർട്ട് ചെയ്തതു മുതൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി തന്നെ നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ അണുനശീകരണം നടത്തുന്നുണ്ട്. ജനങ്ങൾ ഒത്തുകൂടുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സാമൂഹ്യ അകലം കർശനമായി പാലിച്ചും രോഗബാധ അകറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി സൗകര്യങ്ങൾ ഒരുക്കി. ആശുപത്രികളിലേക്ക് വേണ്ട പി.പി.ഇ കിറ്റ്, മാസ്‌കുകൾ, തെർമൽ സ്കാനറുകൾ എന്നിവയും വാങ്ങിനൽകി.
ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുങ്ങി
അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം എന്നിവിടങ്ങളിൽ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായിക്കഴിഞ്ഞു. അഞ്ചുതെങ്ങിൽ 150 പേരെ പ്രവേശിപ്പിക്കാവുന്നതാണ് സെന്റർ. കഠിനംകുളത്ത് രണ്ട് സ്കൂളുകളിലായി 300 പേരെ കിടത്തി ചികിത്സിക്കാവുന്ന കേന്ദ്രമാണ് ഒരുക്കിയത്. മംഗലപുരത്ത് രണ്ട് കേന്ദ്രങ്ങൾ തയ്യാറാക്കി. ടെക്നോ സിറ്റിയിൽ ഒരു കമ്പനിയുടെ കെട്ടിടം ഏറ്റെടുത്ത് 1300 പേരെ ചികിത്സിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി.
എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി
എട്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഇതിനോടകം 50 ലക്ഷം രൂപ ചെലവിട്ടുണ്ട്. മൂന്ന് ആംബുലൻസുകൾ കൂടി വാങ്ങുന്നതിനും ശുപാർശ നൽകി. ഇതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 50 ലക്ഷം രൂപ ചെലവിടും.