തിരുവനന്തപുരം: മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്ന് വിവാദമായ കെ ഫോൺ പദ്ധതിയിൽ നിന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനെ (ബെൽ) സംസ്ഥാന സർക്കാർ ഒഴിവാക്കിയേക്കും. പകരം സർക്കാർ തന്നെ പദ്ധതി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ 49 ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. രണ്ടു ശതമാനം മാത്രമാണ് സർക്കാർ വിഹിതം.
20 ലക്ഷം പാവപ്പെട്ട കുടുംബംഗങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന് വേണ്ടി ആവിഷ്‌കരിച്ച കെ ഫോൺ പദ്ധതിയിൽ ടെൻഡറിലുണ്ടായിരുന്നതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്ക് ബെല്ലിന് കരാർ നൽകാൻ ഇടപെട്ടത് ശിവശങ്കറാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മന്ത്രിസഭ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ കരാർ ഉറപ്പിക്കുകയും ചെയ്തു.
അത്ര എളുപ്പമല്ല
അതേസമയം, ബെല്ലിനെ ഒഴിവാക്കി കരാർ ഏറ്റെടുക്കുക സർക്കാരിന് പ്രയാസകരമായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ബെല്ലും കെ.എസ്.ഇ.ബിയും ബാദ്ധ്യസ്ഥമാണ്. ഏതെങ്കിലുമൊരു കക്ഷിയെ കരാറിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അത് പദ്ധതിയെ ഒന്നാകെ ബാധിക്കും. അത് നിയമപ്രശ്‌നത്തിനും വഴിവച്ചേക്കാം. കേന്ദ്ര സ്ഥാപനമായതിനാൽ ബെല്ലിനെ ഒഴിവാക്കുക അത്ര എളുപ്പവുമല്ല. മാത്രമല്ല, ഇതുമൂലമുള്ള സാമ്പത്തിക നഷ്ടങ്ങളും ഏറെയാണ്. ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ സർക്കാരിന് അന്തിമതീരുമാനം കൈക്കൊള്ളാനാകൂ.
അങ്ങനെയാണ് വന്നത്
1028 കോടി രൂപയ്ക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531 കോടിക്കാണ് കരാർ നൽകിയത്. ബെൽ കൺസോർഷ്യം, ടി.സി.ഐ.എൽ കൺസോർഷ്യം, എ ടു സെഡ് ഇൻ എന്നിയാണ് ടെണ്ടറിൽ പങ്കെടുത്തത്. യഥാക്രമം 1531, 1729, 2853 കോടി വീതമാണ് ഇവർ ക്വോട്ട് ചെയ്തത്. 1531 കോടി ക്വോട്ട് ചെയ്ത ബെൽ കൺസോർഷ്യത്തിന് കരാർ നൽകാമെന്ന് ശുപാർശ ചെയ്ത് ശിവശങ്കർ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് കുറിപ്പ് നൽകി. 1028 കോടിക്ക് ടെൻഡർ വിളിക്കുമ്പോൾ ഒരു വർഷത്തെ പ്രവർത്തനചെലവാണ് കണക്കാക്കിയതെന്നും ഏഴ് വർഷത്തെ പ്രവർത്തനച്ചെലവ് ഉൾപ്പെടുത്തിയാണ് ബെൽ 1531 കോടി ക്വാട്ട് ചെയ്തതെന്നും ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും ശിവശങ്കർ കുറിപ്പിൽ എഴുതിയിരുന്നു.
പദ്ധതി ഇതുവരെ
കിഫ്ബിയിൽ നിന്ന് 1531 കോടി ചെലവഴിക്കുന്ന പദ്ധതിക്കായി 28,000 കിലോമീറ്ററിലെ കോർ നെറ്റ് സർവേ പൂർത്തിയായി. സേവനം ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച സർവേ പുരോഗമിക്കവേയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാദ്ധ്യമാകില്ല.
പദ്ധതി നേട്ടങ്ങൾ
കുത്തകകളെ മറികടന്ന് എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്ടിക്കൽ ഫൈബർ നെറ്റ് വർക്ക്
30,000ലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ
ഐ.ടി പാർക്കുകൾ, എയർ പോർട്ട്, തുറമുഖം എന്നിവിടങ്ങളിലേക്കും ഹൈസ്‌പീഡ് കണക്ടിവിറ്റി