ബെർലിൻ: കൊവിഡ് വൈറസ് പരിശോധിച്ച് കണ്ടെത്താൻ നായ്ക്കളെ പരിശീലിപ്പിച്ച് ജർമനിയിലെ വെറ്റിനറി സർവകലാശാല. ജർമൻ സായുധസേനയിൽ നിന്നുളള എട്ട് നായ്ക്കൾക്കാണ് ഉമിനീർ മണത്തു നോക്കി കൊവിഡ് തിരിച്ചറിയുന്നതിനായി ഒരാഴ്ചത്തെ പരിശീലനം നൽകിയിരിക്കുന്നത്.
1000 പേരുടെ ഉമിനീരിൽ നിന്ന് കൊവിഡ് പോസിറ്റീവ് കേസുകളെ 94 ശതമാനം കൃത്യതയോടെ നായ്ക്കൾ തിരിച്ചറിഞ്ഞതായി യൂണിവേഴ്സിറ്റി ഓഫ് വെറ്റിറനറി മെഡിസിൻ ഹാനോവെർ അധികൃതർ അവകാശപ്പെട്ടു.
കൊറോണ വൈറസ് ബാധിച്ച വ്യക്തിയുടെ മെറ്റബോളിസം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും നായ്ക്കൾക്ക് ഇവ വേഗത്തിൽ മണപ്പിച്ച് തിരിച്ചറിയാനാകുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ വിശദീകരിക്കുന്നു. നായ്‌ക്കളിലെ ഘ്രാണശേഷി മനുഷ്യരേക്കാൾ ആയിരം മടങ്ങ് ഇരട്ടിയാണ്.
വിമാനത്താവളങ്ങൾ, സ്റ്റേഡിയങ്ങൾ തുടങ്ങി തിരക്കുളള ഇടങ്ങളിൽ എളുപ്പത്തിൽ കൊവിഡ് കേസുകൾ തിരിച്ചറിയുന്നതിന് ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
ജർമൻ സായുധസേനയും ഹാനോവെർ വെറ്റിറിനറി സ്‌കൂളും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. കൊവിഡിനെ, ഇൻഫ്ളുവൻസ പോലുളള രോഗങ്ങളിൽ നിന്ന് തിരിച്ചറിയാൻ പരിശീലിപ്പിക്കുന്നതാണ് അടുത്ത ഘട്ടമെന്ന് ഗവേഷകർ പറഞ്ഞു.