ലണ്ടൻ : കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ ഫോൺ ചെയ്ത് ഉണർത്തിയത് ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ് ആയതുകൊണ്ടുമാത്രം താൻ ക്ഷമിച്ചിരിക്കുന്നുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ. കഴിഞ്ഞ മാസം ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നേടിയത് അറിയിക്കാനായിരുന്നു അതിരാവിലെ ക്ളോപ്പ് ഫെർഗൂസണെ വിളിച്ചത്.
ഇംഗ്ളണ്ടിലെ പരിശീലകരുടെ അസോസിയേഷന്റെ ഇൗ വർഷത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം നേടിയ ക്ളോപ്പിനെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ഫെർഗൂസൺ ഇക്കാര്യം പറഞ്ഞത്.ഫെർഗൂസണിന്റെ പേരിലുള്ള ട്രോഫിയാണ് ക്ളോപ്പിന് ലഭിച്ചത്.
30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിവർപൂൾ പ്രിമിയർ ലീഗ് കിരീടം നേടിയത്. ജൂൺ മാസത്തിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതോടെയാണ് ലിവർപൂളിന് കിരീടം ഉറപ്പായത്. ഇൗ മത്സരം രാത്രിയാണ് കഴിഞ്ഞത്. അപ്പോൾത്തന്നെ താൻ ഏറെ ആരാധിക്കുന്ന ഫെർഗൂസണിനെ വിളിക്കണമെന്ന് തോന്നിയെങ്കിലും അർദ്ധരാത്രി വിളിക്കുന്നതിലെ അനൗചിത്യമോർത്ത് കാത്തിരുന്നു. എന്നാൽ വെളുപ്പിന് മൂന്നുമണിയായപ്പോഴേക്കും ക്ഷമകെട്ട് ക്ളോപ്പ് ഫെർഗൂസണെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നത്രേ. എന്നാൽ ക്ളോപ്പ് നേരം പുലർന്ന ശേഷമാണ് വിളിച്ചതെന്നും സരസനായ ഫെർഗൂസൺ അതിനെ രസകരമാക്കാൻ വെളുപ്പാൻ കാലമാക്കിയതാണെന്നും ഇരുവരെയും അടുത്തറിയാവുന്നവർ പറയുന്നു.
ഇൗ സീസൺ പ്രിമിയർ ലീഗ് കിരീടം ലിവർപൂൾ അർഹിക്കുന്നതാണെന്നും മികച്ച പ്രകടനമാണ് കോച്ചെന്ന നിലയിൽ ക്ളോപ്പിന്റേതെന്നും അഭിനന്ദന സന്ദേശത്തിൽ ഫെർഗൂസൺ പറഞ്ഞു. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഫെർഗൂസണിന്റെ പേരിലുള്ള ട്രോഫി ഏറ്റുവാങ്ങാൻ കഴിഞ്ഞത് സന്തോഷം ഇരട്ടിയാക്കുന്നുവെന്ന് ക്ളോപ്പും പറഞ്ഞു. ദീർഘകാലം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്ന ഫെർഗൂസണിന് ഇപ്പോഴത്തെ പരിശീലകരിൽ ഏറ്റവും ഇഷ്ടമുള്ള ആളാണ് ക്ളോപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ പകരക്കാരനായി ക്ളോപ്പിനെ കൊണ്ടുവരണമെന്ന് ഫെർഗൂസൺ ആഗ്രഹിച്ചിരുന്നു.