ലണ്ടൻ: ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബ്രിട്ടണിലെ ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്‌നോളജി വകുപ്പിന്റെ റിപ്പോർട്ട്. 'ഓക്സ്‌ഫോർഡ്- അസ്ട്രാസെനെക' കൊവിഡ്-19 പ്രതിരോധമരുന്നിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങൾ തയാറാക്കുന്നതായി ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി) സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു. ഇത് അനിവാര്യമായ നടപടിയാണെന്നും വാക്‌സിൻ ഇന്ത്യക്കാർക്ക് നൽകുന്നതിന് മുമ്പ് അത് സംബന്ധിച്ച് രാജ്യത്തിനകത്ത് നിന്നുള്ള വിവരം ലഭ്യമാവേണ്ടത് അത്യാവശ്യമാണെന്നും സ്വരൂപ് പറഞ്ഞു.
വാക്‌സിൻ നിർമ്മിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയെയാണ് ഓക്സ്‌ഫോർഡും പങ്കാളിയായ അസ്ട്രസെനെകയും (Astra Zeneca) തിരഞ്ഞെടുത്തിരിക്കുന്നത്. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. വാക്സിൻ വിജയമായാൽ ഇന്ത്യയിൽ വൻ തോതിൽ ഉത്പാദിപ്പിക്കാൻ സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ട്. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.
കൊവിഡ് വിവരം ചൈന മറച്ചെന്ന്
കൊവിഡ് മഹാമാരി പകരുന്നത് ആദ്യഘട്ടത്തിൽ വുഹാനിലെ പ്രാദേശിക അധികൃതർ മറച്ചുവെച്ചന്ന ആരോപണവുമായി ചൈനീസ് ഡോക്ടർ. രോഗം ആദ്യമായി കണ്ടെത്തിയ വുഹാനിലെ ഹുവാനൻ മൃഗ ചന്തയിൽ എല്ലാം വൃത്തിയാക്കിയതായും ഇതോടെ രോഗം പകർന്നതിന്റെ തെളിവ് നശിപ്പിക്കപ്പെട്ടതായും ഹോങ്കോംഗിലെ മൈക്രോബയോളജിസ്റ്റും ഫിസിഷ്യനും സർജനുമായ പ്രഫ. ക്വോക് യുംഗ് യെൻ പറഞ്ഞു. വുഹാനിൽ കൊവിഡ് വ്യാപനം സംബന്ധിച്ച് അന്വേഷിക്കുന്ന സംഘത്തിലെ അംഗമാണ് ക്വോക്ക്. വുഹാനിൽ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ്
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഭരണ നിർവഹണ സംഘത്തിലെ ഉന്നതനായ ഒബ്രിയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും നിലവിൽ ഐസൊലേഷനിൽ പ്രവേശിച്ചതായും സുരക്ഷിതമായ കേന്ദ്രത്തിലിരുന്നാണ് പ്രവർത്തനം നടത്തുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
കൊവിഡ് മീറ്റർ
ആകെ രോഗികൾ: 1,66,74,039
മരണം: 6,57,276
രോഗമുക്തർ: 1,02,64,476
(രാജ്യം - രോഗികൾ - മരണം)
അമേരിക്ക:44,33,532 - 1,50,450
ബ്രസീൽ: 24,46,397 - 87,737
ഇന്ത്യ:14,84,136 - 33,461
റഷ്യ:8,23,515 - 13,504