ന്യൂയോർക്ക് : യു.എസിൽ ന്യൂയോർക്ക് സംസ്ഥാനത്തെ പിന്തള്ളി രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായി മാറി ഫ്ലോറിഡ. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ള യു.എസ് സംസ്ഥാനം കാലിഫോർണിയയാണ്. തൊട്ടുപിന്നിലുണ്ടായിരുന്ന ന്യൂയോർക്ക് സംസ്ഥാനത്തെ കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയത്. ഫ്ലോറിഡയിൽ ഇതേ വരെ 433,000 ത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5,900ത്തിലേറെ പേർ മരിച്ചു.
അതേ സമയം, ന്യൂയോർക്കിലെ രോഗികളുടെ എണ്ണം 417,000 ത്തിലേറെയാണ്. 32,322 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. കൊവിഡ് മരണ നിരക്കിൽ ന്യൂയോർക്ക് സംസ്ഥാനമാണ് യു.എസിൽ മുന്നിലുള്ളത്. ന്യൂയോർക്കിനെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും കാലിഫോർണിയയിലും ഫ്ലോറിഡയിലും മരണനിരക്ക് കുറവാണ്. 466,000ത്തിലേറെ കൊവിഡ് രോഗികളുള്ള കാലിഫോർണിയയിൽ 8,500 ലേറെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയം അമേരിക്കയിൽ ഏറ്റവും കൂടുതൽ നാശം വിതക്കപ്പെട്ട സംസ്ഥാനം ന്യൂയോർക്ക് ആയിരുന്നു. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണം നിയന്ത്രിച്ച് കൊണ്ടുവരാൻ ന്യൂയോർക്കിന് സാധിക്കുന്നുണ്ട്. ഈ മാസം ആദ്യം ഫ്ലോറിഡയിൽ ഒരൊറ്റ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 15,299 കേസുകളാണ്. ആദ്യമായാണ് ഒരു യു.എസ് സംസ്ഥാനത്ത് ഇത്രയും ഉയർന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തിയത്. ഇപ്പോൾ ദിവസവും ഏകദേശം 10,000ത്തോളം രോഗികളാണ് ഫ്ലോറിഡയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്കിലാകട്ടെ പ്രതിദിനം 1000ത്തോളം കേസുകളാണ് രേഖപ്പെടുത്തുന്നത്. ഫ്ലോറിഡ യു.എസിലെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ടാകുമെന്നാണ് മുന്നറിയിപ്പ്.