കോയമ്പത്തൂർ: സ്ദഗുരു ജഗ്ഗി വാസുദേവ് നേതൃത്വം നൽകുന്ന ആത്‌മീയ, സാമൂഹിക, നവോത്ഥാന പ്രസ്ഥാനമായ ഇഷാ ഫൗണ്ടേഷന് ഐക്യരാഷ്ട്ര സഭയുടെ ആദരം. സഭയുടെ പരിസ്ഥിതി സംഘടനയായ യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) ഇഷാ ഫൗണ്ടേഷന് നിരീക്ഷക പദവി നൽകി. ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന യു.എൻ എൻവയൺമെന്റ് അസംബ്ളിയിലും ഉപസംഘടനകളിലും ഇഷാ ഫൗണ്ടേഷന് നിരീക്ഷക പദവി ലഭിക്കും.
ഇതിലൂടെ, ആഗോള പരിസ്ഥിതി സംഘടനകളുടെ യോഗങ്ങളിൽ പങ്കെടുക്കാനും സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ നടത്താനും സംഘടനയുടെ നയരൂപീകരണത്തിനും ഫൗണ്ടേഷന് സാധ്യമാകും. 2018 ൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യ ആതിഥ്യം വഹിച്ച യു.എൻ.ഇ.പിയുടെ ചടങ്ങിൽ ഇഷാ ഫൗണ്ടേഷൻ പങ്കാളിയായിരുന്നു. ഭൂമിയുടെ ജൈവികത നശിപ്പിക്കപ്പെടുന്നതിനെതിരെ പൊരുതുന്ന ഐക്യരാഷ്‌ട്ര സഭാ സംരംഭമായ യുണൈറ്റഡ് നേഷൻസ് ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷനിലും (യു.എൻ.സി.സി.ഡി) കഴിഞ്ഞ വർഷം ഇഷ പങ്കാളിയായി.
രാജ്യത്തെ നദികളുടെ സംരക്ഷണത്തിനായി ഇഷയുടെ ആഭിമുഖ്യത്തിൽ റാലി ഫോർ റിവേഴ്‌സ് കാമ്പെയിൻ ആരംഭിച്ചതോടെ യുണൈറ്റഡ് നേഷൻസ് വാട്ടേഴ്സ്, യു.എൻ.സി.സി.ഡി, യുനെസ്‌കോ എന്നിവ ഇഷാ ഫൗണ്ടേഷൻ സ്ഥാപകനായ സദ്‌ഗുരു ജഗ്ഗി വാസുദേവിനെ ക്ഷണിച്ചിരുന്നു. 2007 മുതൽ ഫൗണ്ടേഷന് ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക സാമ്പത്തിക കൗൺസിലിൽ പ്രത്യേക വിദഗ്ദ്ധോപദേശക പദവിയുമുണ്ട്.