
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് അന്തരിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഓർമകളാണ് എങ്ങും. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും സഹോദരിയുമെല്ലാം സുശാന്തിന്റെ വേർപാട് നൽകിയ വേദനയിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. ഇപ്പോൾ സുശാന്തിന്റെ സഹോദരിയുടെ (കസിൻ) ഭർത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ഒ.പി സിംഗാണ് സുശാന്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നത്.
തങ്ങളുടെ വിവാഹ ദിനം 'തു ചീസ് ബഡി ഹേ മസ്ത് മസ്ത്' എന്ന ഗാനത്തിന് ചുവട് വച്ച പന്ത്രണ്ട് വയസുകാരൻ സുശാന്തിനെ കുറിച്ചും അദ്ദേഹത്തിന്റെ ഊർജസ്വലതയെ കുറിച്ചുമൊക്കെയാണ് ഒ.പി സിംഗ് പറയുന്നത്. സുശാന്ത് ഒരു താരമാകുമെന്ന് അന്നേ തനിക്ക് തോന്നിയിരുന്നു എന്നും അദ്ദേഹം കുറിക്കുന്നു.
അമ്മയുടെ മരണത്തെ കുറിച്ച് സുശാന്ത് അറിഞ്ഞ നിമിഷം സിംഗ് ഇപ്പോഴും ഓർക്കുന്നു. "അത് 2002ലായിരുന്നു. അവൻ ഏറ്റവുമധികം സ്‌നേഹിച്ച അവന്റെ അമ്മയെ നഷ്ടമായി. അത് അവന് വലിയ ഞെട്ടലായിരുന്നു. ഏറെ അസ്വസ്ഥനായിരുന്നു സുശാന്ത്. മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവൻ കണ്ണുകൾ തിരിച്ചു പിടിച്ചു. അമ്മയുടെ അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. മണിക്കൂറുകൾക്ക് മുൻപ് ജീവനോടെയുണ്ടായിരുന്ന, താൻ അമ്മേയെന്ന് വിളിച്ച് നടന്നിരുന്ന ആൾ പെട്ടെന്ന് മരിച്ചു പോകുകയും അവരുടെ ശരീരം ചിതയിലേക്കെടുക്കുകയും ചെയ്യുന്നത് ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാൽ അവൻ പെട്ടെന്ന് സമനില വീണ്ടെടുത്തു. വെണ്ണ പോലുള്ള അവന്റെ മുഖം, ചിത കത്തിക്കുമ്പോൾ മാറുന്നത് ഞാൻ കണ്ടു. ആഴ്ചകളോളും അവന്റെ ചിരിയും കുസൃതികളും അപ്രത്യക്ഷമായി. ഇടയ്ക്കിടെ പാട്ടുമൂളുന്നത് ഇല്ലാതായി.." എന്നാൽ സുശാന്ത് ഉടഞ്ഞുപോയ തന്റെ ഹൃദയത്തിന്റെ ഓരോ കഷ്ണങ്ങളും പെറുക്കിയെടുത്ത് പടികളായി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം ഓർത്തെടുത്തു.
കുടുംബാംഗങ്ങൾ സുശാന്തിനെ യോദ്ധാവായ ഒരു രാജകുമാരനായാണ് കാണുന്നതെന്നും അവൻ ധീരമായി പോരാടി വിജയിച്ചുവെന്നും സംഗ് പറയുന്നു. എന്നാൽ മൂല്യനിർമ്മാണത്തിലും പ്രശ്ന പരിഹാരത്തിലും വിശ്വസിക്കുന്ന ഒരു കുടുംബം എന്ന നിലയിൽ, മികവിന്റെ അന്വേഷണം തുടരുമെന്ന് അവന് ഉറപ്പ് നൽകുന്നു. ബ്രൂസ് ലീയുടെ വർഗത്തിലാണ് തങ്ങൾ അവനെ കാണുന്നതെന്നും ചെറിയ കാലത്തെ ജീവിതമെങ്കിലും, അത് മികവുറ്റതാക്കിയെന്നും സിംഗ് പറഞ്ഞു.