covid

തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളം കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാർഡിലെ രോഗികൾക്കാണ് കൊവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

സെക്രട്ടേറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പൂവാർ ഫയർ സ്റ്റേഷനിൽ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒമ്പത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാർ ഫയർ സ്റ്റേഷനിൽ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്.

അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ ഇന്നൊരു മരണം കൂടി സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഹൃദ്രോഗിയായ ഇവർക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് പൊസീറ്റീവ് ഫലമാണ് വന്നത്.