ellis-perry-divorce

ചെന്നൈ : ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്ആൾറൗണ്ടർ എല്ലിസ് പെറിയും ആസ്ട്രേലിയൻ റഗ്ബി താരം മാറ്റ് ടൂമ്വയും കഴിഞ്ഞ ദിവസം വിവാഹമോചിതരായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയ്‌ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ എല്ലിസ് പെറിക്കൊപ്പം ഡിന്നറിന് പോകാനുള്ള ആഗ്രഹം മുരളി വിജയ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെറിയും ടൂമ്വയും വേർപിരിഞ്ഞതാണ് ട്രോളുകൾക്ക് വഴിയൊരുക്കിയത്.

ലോക്ഡൗൺ കാലത്ത് ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ലൈവ് ചാറ്റിലാണ് പെറിക്കൊപ്പം ഒരു ദിവസം പുറത്തുപോയി ഡിന്നർ കഴിക്കണമെന്ന ആഗ്രഹം മുരളി വിജയ് പ്രകടിപ്പിച്ചത്. ‘ബില്ല് അടയ്ക്കാൻ തയാറെങ്കിൽ വരാമെന്ന്’ എല്ലിസ് പെറിയും തമാശരൂപേണ കമന്റും ചെയ്തിരുന്നു. ഇത് കഴിഞ്ഞ് കുറച്ചുനാളിനകം എല്ലിസ് പെറി വിവാഹമോചിതയാകുന്ന വാർത്തയെത്തിയതോടെയാണ് ട്രോളൻമാർ മുരളി വിജയ്‌ക്കെതിരെ തിരിഞ്ഞത്.

അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷം വേർപിരിയുന്നതായി പെറിയും ടൂമ്വയും കഴിഞ്ഞ ദിവസമാണ് സംയുക്ത പ്രസ്താവനയിലൂടെ പരസ്യമാക്കിയത്. പെറിക്കും മാറ്റ് ടൂമ്വയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നതകളുണ്ടെന്നും കുറച്ചുനാളായി അകൽച്ചയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും ഒരുപോലെ നിഷേധിച്ചിരുന്നു.

ഈ വർഷം ആദ്യം തന്നെ പിരിഞ്ഞതായാണ് ഇരുവരും ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് പുരസ്കാര വേദിയിൽ എലിസ് പെറി വിവാഹമോതിരം ധരിക്കാതെ എത്തിയത് ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.

ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറിൽ എട്ടു ടെസ്റ്റുകളും 112 ഏകദിനങ്ങളും 120 ട്വന്റി- 20 കളും കളിച്ച താരമാണ് പെറി. ടെസ്റ്റിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 3022 റൺസും 152 വിക്കറ്റും ട്വന്റി-20യിൽ 1218 റൺസും 114 വിക്കറ്റും നേടി.