kim-jong-un

പ്യോഗ്യാംഗ് : യുദ്ധവാർഷികദിനത്തിൽ സൈനിക ഓഫീസർമാർക്ക് വിലപിടിച്ച 'മൗണ്ട് പേയ്ക്തു' തോക്കുകൾ സമ്മാനിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. "രാജ്യത്തോടും, മഹത്തായ കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയോടും അചഞ്ചലമായ കൂറ് കാത്തു സൂക്ഷിക്കണമെന്നും .'വിപ്ലവപാതയിൽ' ജീവിതം തുടർന്നും സാർത്ഥകമാക്കണ''മെന്നും തോക്കുകൾ സമ്മാനിച്ച് കൊണ്ട് കിം , തന്റെ പട്ടാള ജനറലുമാരോട് പറഞ്ഞു. കറുത്ത സ്യൂട്ടും വെളുത്ത നിറത്തിലുള്ള വെൽവെറ്റ് ഗ്ലൗസും ധരിച്ചുകൊണ്ട് ഇളയ സഹോദരി കിം യോ ജോങാണ് സൈനിക ഓഫീസർമാർക്ക് നൽകാനുള്ള തോക്കുകൾ കിമ്മിന് എടുത്തു നൽകിയത്.

1953 ൽ അവസാനിച്ച ഇരുകൊറിയകളും തമ്മിലുള്ള യുദ്ധത്തിന്റെ 67-ാം വാർഷികദിനാഘോഷത്തിലായിരുന്നു ഇത്. 'ആർമിസ്റ്റൈസ് ഉടമ്പടി'യിലൂടെ കൊറിയൻ യുദ്ധത്തിന് വിരാമമായ ദിവസമാണ് യുദ്ധവാർഷിക ദിനമായി ആചരിക്കുന്നത്. പ്യോഗ്യാംഗിലെ പാർട്ടി കേന്ദ്ര കമ്മിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ വച്ചായിരുന്നു ആഘോഷം.

പ്രാണൻ വെടിഞ്ഞും കിമ്മിനെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്ത സൈനിക ഓഫീസർമാർ അദ്ദേഹത്തോടൊപ്പം തോക്കുകൾ ചൂണ്ടി, ഗ്യാങ്സ്റ്റർമാരെപ്പോലെ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്തു.

 'മൗണ്ട് പേയ്ക്തു'

'മൗണ്ട് പേയ്ക്തു' എന്ന പിസ്റ്റൾ ഉത്തര കൊറിയൻ സൈനിക ഓഫീസർമാർക്ക് വിലമതിക്കാനാവാത്ത സമ്മാനമാണ്. എഴുപതുകളിലെ Czech CZ-75 ഹാൻഡ് ഗണ്ണുകളുടെ മോഡലിൽ നിർമിക്കപ്പെട്ടിട്ടുള്ള ഒരു 9 എം.എം കാലിബർ പിസ്റ്റൾ ആണിത്. ഈ പിസ്റ്റലിന്റെ ബാരലിൽ, സുപ്രീം ലീഡർ കിം ഇൽ സംഗിന്റെ കൈയക്ഷരത്തിന്റെ മാതൃകയിൽ 'മൗണ്ട് പേയ്ക്തു' എന്ന് കൊറിയൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട്. കിം ജോങ്‌ ഉന്നിന്റെ അപ്പൂപ്പൻ കിം ഇൽ സംഗും, അച്ഛൻ കിം ജോങ്‌ ഇല്ലും തങ്ങൾ സുപ്രീം ലീഡർമാർ ആയിരുന്ന സമയത്ത് ഇതുപോലെ മൗണ്ട് പേയ്ക്തു പിസ്റ്റലുകൾ സൈനിക ഓഫീസർമാർക്ക് ബഹുമതി പോലെ സമ്മാനിച്ചിരുന്നു. അതേ ആചാരമാണ് ഇപ്പോൾ കിം ജോങ്‌ ഉന്നും പിന്തുടരുന്നത്. ഇത്തവണ നൽകിയ തോക്കുകളിൽ കിം ജോങ് ഉന്നിന്റെ കൈയൊപ്പുണ്ട്.