മുംബയ്: ലോക്ഡൗൺ മൂലം അടച്ചിട്ടിരുന്ന ഭക്ഷണശാല കുത്തിത്തുറന്ന് ആഹാര സാധനങ്ങളും പാചകത്തിനുളള വലിയ പാത്രങ്ങളും മോഷ്‌ടിച്ച രണ്ടുപേർ പൊലീസ് പിടിയിലായി. മുംബയ് നഗരത്തിലാണ് സംഭവം. ഛത്രപതി ശിവജി ടെർമിനലിനു സമീപമുളള 'കാനൊൻ പാവ് ബജി' എന്ന ഭക്ഷണശാലയിലാണ് മോഷ്‌ടാക്കൾ കയറിയത്. 100 കിലോ വെണ്ണയും പാൽക്കട്ടിയും കടയിലിരുന്ന പഞ്ചസാരയും ഭക്ഷണം പാചകം ചെയ്യാനുളള വലിയ പാത്രങ്ങളും കളളന്മാർ കൊണ്ടുപോയി.
48 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷണശാല ഉടമയായ പി എൻ ദണ്ഡേക്കർ വിവരമറിഞ്ഞ് ആസാദ് മൈദാൻ പൊലീസിൽ പരാതി നൽകി. ഒരു ലക്ഷം രൂപയുടെ വസ്‌തുക്കളാണ് ഇങ്ങനെ മോഷണം പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അടുത്തുളള നടപ്പാതയിൽ താമസമാക്കിയ സന്തോഷ് ധാപ്പ (20), കരൺ ജാദവ്(25) എന്നിവർ അറസ്‌റ്റിലായി. ഇവർ ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്. എന്നാൽ ലോക്ഡൗൺ വന്നതോടെ ആഹാരത്തിനു പോലും പണമില്ലാതെ വന്നതിനാലാണ് മോഷണം നടത്തിയത്. ആഹാര സാധനങ്ങൾ ഭക്ഷിച്ച ഇവർ പാത്രങ്ങളിൽ ചിലത് വിറ്റതായും പൊലീസ് കണ്ടെത്തി. വിറ്റ പാത്രങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.ഇവർക്കെതിരെ മോഷണം, ഭവനഭേദനം,കവർച്ച എന്നിവയുടെ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി ആസാദ് മൈദാൻ പൊലീസ് അധികൃതർ അറിയിച്ചു.