child-covid

മുംബയ്: മഹാരാഷ്ട്രയിൽ അമ്മയുടെ ഗർഭപാത്രത്തിൽ വച്ച്‌ കുഞ്ഞിന് കൊവിഡ് ബാധിച്ചതായി വിവരം. വെർട്ടിക്കൽ ട്രാൻസ്മിഷനിലൂടെയാണ് ഇത് സംഭവിച്ചതെന്നാണ് ഡോക്‌ടർമാർ പറയുന്നത്. അമ്മയിൽനിന്ന് കുഞ്ഞിലേക്കുള്ള രോഗപകർച്ച വെർട്ടിക്കൽ ട്രാൻസ്മിഷൻ എന്നാണ് അറിയപ്പെടുന്നത്.

കുഞ്ഞിന്റെ ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ അമ്മയിൽനിന്ന് രോഗ കാരണമായ അണുക്കൾ കുഞ്ഞിലേക്ക് വ്യാപിക്കുന്നതിനെയാണ് വെർട്ടിക്കൽ ട്രാൻസ്മിഷൻ എന്നു പറയുന്നത്. ഇത് ഗർഭാവസ്ഥയിൽ മറുപിള്ളയിലൂടെയോ ജനനശേഷം മുലപ്പാലിലൂടെയോ സംഭവിക്കാം.പൂനെയിലെ സസൂൻ ജനറൽ ആശുപത്രിയിലാണ് മറുപിള്ളയിലൂടെ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് വൈറസ് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് ഇത്തരത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ജനനത്തിന് ശേഷം അമ്മയിൽനിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് സാധാരണ കണ്ടുവരാറുണ്ട്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് വൈറസ് പകർന്നതായാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് സസൂൻ ജനറൽ ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ. ആർതി കിനികർ വ്യക്തമാക്കി.

കുട്ടിയെ മറ്റൊരു വാർഡിലാണ് കിടത്തിയിരുന്നത്. സ്രവപരിശോധനാഫലം പോസിറ്റീവ് ആവുകയും ജനിച്ച് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ കുഞ്ഞിന് കൊവിഡ് ലക്ഷണങ്ങളായ കടുത്ത പനി, സൈറ്റോക്കിൻ സ്റ്റോം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാഴ്ച തീവ്രപരിചരണ വിഭാഗത്തിലാക്കിയ കുഞ്ഞ് പിന്നീട് സുഖം പ്രാപിക്കുകയും അമ്മയോടൊപ്പം ആശുപത്രി വിടുകയും ചെയ്തതായി ഡോ. ആർതി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ വെർട്ടിക്കൽ ട്രാൻസ്മിഷനിലൂടെ കൊവിഡ് പകരുന്ന ആദ്യത്തെ കേസാണിതെന്ന് സസൂൻ ജനറൽ ആശുപത്രി ഡീനായ ഡോ മുരളീധർ താമ്പെ മാധ്യമങ്ങളോട് പറഞ്ഞു. വൈറസ് ബാധ കാരണം ഗുരുതരാവസ്ഥയിലായ കുഞ്ഞിനും അമ്മയ്ക്കും മികച്ച ചികിത്സയും പരിചരണം നൽകിയ ആശുപത്രിയിലെ മെഡിക്കൽ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

എല്ലാ ഗർഭിണികൾക്കും കോവിഡ് പരിശോധന നിഷ്കർഷിച്ചിരിക്കുന്നതിനാൽ വൈറസ് ബാധ സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയ്ക്കും നേരത്തെ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്നും ഡോ. ആർതി അറിയിച്ചു.പ്രസവത്തിന് ഒരാഴ്ച മുമ്പാണ് അമ്മയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് പ്രസവിച്ചയുടനെ കുഞ്ഞിന്റെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു.