banks

കൊച്ചി: വായ്‌പാലഭ്യത കൂട്ടാൻ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് കുത്തനെ കുറച്ചിട്ടും അധികപ്പണം ബാങ്കുകൾ ഇപ്പോഴും നിക്ഷേപിക്കുന്നത് റിസർവ് ബാങ്കിൽ തന്നെ. 2019ൽ 1.35 ശതമാനവും ഈവർഷം മാർച്ചിലും മേയിലുമായി 1.15 ശതമാനവും ഇളവ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് നൽകിയിരുന്നു. പൊതുജനത്തിനും ബിസിനസ് ലോകത്തിനും പ്രയോജനപ്പെടും വിധം വായ്‌പാപലിശ ആകർഷകമാക്കുകയും വായ്‌പാ വിതരണം കൂട്ടുകയുമായിരുന്നു ലക്ഷ്യം. റിപ്പോനിരക്ക് അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്‌പാ പലിശ നിർണയിക്കുന്നത്.

നിക്ഷേപത്തിലൂടെയും മറ്റും ബാങ്കുകളിൽ എത്തുന്ന അധികപ്പണത്തിൽ നിന്ന് പ്രവർത്തനച്ചെലവിനുള്ളത് കഴിച്ച് ബാക്കിപ്പണം വായ്‌പകൾക്കായി ഉപയോഗിക്കാൻ റിവേഴ്‌സ് റിപ്പോ നിരക്കും കരുതൽ ധന അനുപാതവും റിസർവ് ബാങ്ക് കുറച്ചിരുന്നു. ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ ഇപ്പോൾ 3.25 ശതമാനമാണ്. ഉപഭോക്തൃ നിക്ഷേപത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന കരുതൽ ധന അനുപാതത്തിന്റെ നിരക്ക് മൂന്നു ശതമാനവും. അധികപ്പണം വായ്‌പയ്ക്കായി വിനിയോഗിച്ചാൽ കുറഞ്ഞത് ആറു ശതമാനം പലിശ ബാങ്കുകൾക്ക് കിട്ടും. എന്നിട്ടും,​ ഈ പണം റിസർവ് ബാങ്കിൽ തന്നെ നിക്ഷേപിക്കുകയാണ് ബാങ്കുകൾ.

₹7 ലക്ഷം കോടി

കൊവിഡ് പ്രതിസന്ധിക്ക് മുമ്പ്,​ ജനുവരി-മാർച്ച് പാദത്തിൽ ബാങ്കുകൾ ദിനംപ്രതി ശരാശരി 2.4 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്കിൽ നിക്ഷേപിച്ചത്. പിന്നീട് റിവേഴ്‌സ് റിപ്പോ നിരക്ക് കുത്തനെ കുറഞ്ഞെങ്കിലും ഏപ്രിൽ-ജൂൺപാദത്തിൽ അധികപ്പണ നിക്ഷേപം ശരാശരി എഴുലക്ഷം കോടി രൂപയായി വർദ്ധിച്ചു. മേയിലെ മാത്രം ശരാശരി എട്ടുലക്ഷം കോടി രൂപയാണ്. വായ്‌പകളായി ഉപഭോക്താക്കളിലേക്ക് എത്തേണ്ട പണമാണ് റിസർവ് ബാങ്കിൽ വെറുതേ കിടക്കുന്നത്.

6.1%

വായ്‌പാ വിതരണം കൂട്ടാൻ ബാങ്കുകൾ മടിക്കുന്നത്,​ കിട്ടാക്കട വർദ്ധന ഭയന്നാണ്. എന്നാൽ,​ വായ്‌പ എടുക്കാൻ ഉപഭോക്താക്കൾക്കും മടിയുണ്ടെന്ന് ബാങ്കുകൾ പറയുന്നു. ഈവർഷം ജൂലായിലെ റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം വായ്‌പാ വിതരണ വളർച്ച 6.1 ശതമാനമാണ്. 2019 ജൂലായിൽ വളർച്ച 12 ശതമാനമായിരുന്നു.