വാഷിംഗ്ടൺ: കൊവിഡ് പ്രതിരോധന വാക്സിന്റെ ഏറ്റവും വലിയ പരീക്ഷണം തിങ്കളാഴ്ച അമേരിക്കയിൽ നടന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മോഡേണ ഇൻകോർപറേറ്റ് വികസിപ്പിച്ചെടുത്ത വാക്സിന്റെ അവസാനഘട്ട പരിശോധന നടന്നത് യു.എസിലെ വിവിധ കേന്ദ്രങ്ങളിലെ 30,000 സന്നദ്ധപ്രവർത്തകരിലാണ്. കൊവിഡ് പ്രതിരോധത്തിന് വാക്സിൻ ഫലപ്രദമാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
രണ്ടുഡോസുകൾ നൽകിയതിന് ശേഷം രണ്ടുഗ്രൂപ്പുകളിൽ ഏത് സംഘത്തിനാണ് കൂടുതൽ അണുബാധയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞന്മാർ നിരീക്ഷിക്കും.
ചൈന നിർമിച്ച വാക്സിനുകൾ ഈ മാസം ആദ്യം ബ്രസീലിലും കടുത്ത കൊവിഡ് ബാധയുണ്ടായ രാജ്യങ്ങളിലും പരീക്ഷണങ്ങളുടെ അന്തിമഘട്ടം ആരംഭിച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം യു.എസിൽ ആഗസ്റ്റിൽ ആരംഭിക്കും. അതിനെ തുടർന്ന് സെപ്തംബറിൽ ജോൺസൺ ആൻഡ് ജോൺസണിന്റെ വാക്സിനും,ഒക്ടോബറിൽ നോവാവാക്സിന്റെ വാക്സിനും പരീക്ഷിക്കും.
സാധാരണഗതിയിൽ ഒരു വാക്സിൻ നിർമിക്കാനായി വർഷങ്ങളെടുക്കാറുണ്ട്. എന്നാൽ ഇത്തവണ വളരെ വേഗത്തിലാണ് വാക്സിൻ ഗവേഷണം നടക്കുന്നത്. ലോകം നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാനുളള ഫലപ്രദമായ മാർഗം വാക്സിനാണെന്നുളള തിരിച്ചറിവിലാണ് ലോകരാഷ്ട്രങ്ങൾ വാക്സിൻ ഗവേഷണം വേഗത്തിലാക്കിയിരിക്കുന്നത്.