ടോറന്റോ: മോഷണംപോയ ഒരു ടെഡിബിയറിനുവേണ്ടിയുള്ള തിരച്ചിലിലാണ് സാമൂഹ്യമാദ്ധ്യമലോകം. കാനഡയിലെ വാൻകൂവറിലെ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു ബാക്പാക്ക് മോഷണം പോയതുമുതലാണ് സംഭവങ്ങളുടെ തുടക്കം. മാര എന്ന പെൺകുട്ടിയുടേതാണീ ബാക്പാക്. ഇതിൽ ഉണ്ടായിരുന്നത് ഒരു ഐ പാഡും ടെഡിബിയറും പിന്നെ കുറച്ച് പണവുമാണ്. പണവും ഐപാഡും തനിക്ക് തിരിച്ചുവേണ്ടെന്നും ടെഡി ബിയർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് മാര സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. തന്റെ പ്രിയപ്പെട്ട ടെഡിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു ഏറെ ഹൃദയസ്പർശിയായിട്ടുള്ളത്.
മാരയുടെ മരിച്ചുപോയ അമ്മ സമ്മാനമായി നൽകിയതാണീ ടെഡ്ഡി ബിയർ. അമ്മയുടെ ശബ്ദത്തിൽ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നിൽ അഭിമാനിക്കുന്നു, ഞാൻ നിന്നോടൊപ്പം എന്നുമുണ്ടാകും’ എന്ന് റെക്കോർഡ് ചെയ്ത് ടെഡ്ഡി ബിയറിൽ വച്ചിട്ടുണ്ടായിരുന്നു. ആ ശബ്ദവും അതിലൂടെ കിട്ടിയിരുന്ന സാമീപ്യവുമാണ് മാരയ്ക്ക് നഷ്ടപ്പെട്ടത്. പോസ്റ്റ് വൈറലായതോടെ സോഷ്യൽമീഡിയ മാരയുടെ ടെഡി ബിയറിനായുള്ള അന്വേഷണത്തിലാണ്.